വ്യാപാര കരാർ മാത്രമല്ല, ഷീ ജിൻപിങ്ങിനെ കാണുമ്പോൾ ട്രംപ് ഈ സുപ്രധാന വിഷയം കൂടെ ഉന്നയിക്കുമോ? യുഎസിൽ ആകാംക്ഷ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൈനീസ് നേതാവ് ഷീ ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമ്പോൾ വ്യാപാര ചർച്ചകൾക്കാണ് പ്രധാനമായും ശ്രദ്ധ നൽകുന്നത്. എന്നാൽ, ഈ കൂടിക്കാഴ്ച തടവിലാക്കപ്പെട്ട യുഎസ് പൗരന്മാരെ മോചിപ്പിക്കാനുള്ള ഒരു അവസരം കൂടിയാകുമെന്ന് വിലയിരുത്തൽ. വിദേശത്ത് ബന്ദികളാക്കപ്പെടുകയോ അന്യായമായി തടങ്കലിൽ വെക്കപ്പെടുകയോ ചെയ്ത അമേരിക്കക്കാർക്ക് വേണ്ടി വാദിക്കുന്ന ഫോളേ ഫൗണ്ടേഷന്‍റെ കണക്കനുസരിച്ച്, മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ അമേരിക്കക്കാർ ചൈനയിൽ തടവിലാണ്.

ഏകദേശം 200ഓളം അമേരിക്കക്കാരാണ് ചൈനയുടെ തടങ്കലിലുള്ളത്. ഇവരിൽ ഭൂരിഭാഗവും ചൈനയുടെ കർശന സുരക്ഷാ സംവിധാനങ്ങളിൽ കുടുങ്ങിയ വംശീയ ചൈനീസ് അമേരിക്കക്കാരാണെന്ന് കരുതപ്പെടുന്നു. ചൈനയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്ന് ആരോപിച്ചാണ് ഇവരെ തടവിലാക്കിയിരിക്കുന്നത്. ചെറിയൊരു വിഭാഗം, പ്രാദേശിക നിയമങ്ങൾ ലംഘിച്ചതിനോ (ചിലപ്പോൾ അവിചാരിതമായി സംഭവിച്ചത്) അല്ലെങ്കിൽ വഞ്ചനാപരമായ കേസുകളിൽ ഇരകളാക്കപ്പെട്ടതിന്‍റെ പേരിലോ തടവിൽ കഴിയുന്നുണ്ട്. തട്ടിപ്പുകൾക്ക് ഇരയായി ഒരു ദശാബ്ദത്തിലേറെയായി തടവിൽ കഴിയുന്ന രണ്ട് അമേരിക്കക്കാരെ മോചിപ്പിക്കാനുള്ള പ്രചാരണം ശക്തമാവുകയാണ്. ഇത് ട്രംപ് ഭരണകൂടത്തിന്‍റെ ഉന്നതതലങ്ങളിൽ വരെ എത്തിയിട്ടുണ്ട്.

ഈ വിഷയത്തിൽ മാസങ്ങളോളം നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ, ഡോൺ മിഷേൽ ഹണ്ട്, നെൽസൺ വെൽസ് ജൂനിയർ എന്നിവരെ മാനുഷിക പരിഗണനയുടെ പേരിൽ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മെയ് മാസത്തിൽ അഭ്യർത്ഥന നൽകിയിരുന്നു. കഴിഞ്ഞ മാസം, ചൈനയിൽ തടവിലുള്ള അമേരിക്കക്കാർക്കുവേണ്ടിയുള്ള നയതന്ത്രപരമായ വാദങ്ങൾ വിപുലീകരിക്കുന്നതിനായി, ഇരുവരുടെയും പേരിലുള്ള ഒരു ഉഭയകക്ഷി ബിൽ യുഎസ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചു. ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ (APEC) ഉച്ചകോടിയിൽ ഷീ ജിൻപിങ്ങുമായി നടത്തുന്ന വ്യാപാര ചർച്ചകളുടെ ഭാഗമായി ഇവരുടെയും മറ്റ് തടവുകാരുടെയും വിഷയം ഉന്നയിക്കണമെന്ന് റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസിലേക്ക് അയച്ച കത്തിലൂടെ ട്രംപിനോട് അഭ്യർത്ഥിച്ചിരുന്നു.

More Stories from this section

family-dental
witywide