
കെയ്‌റോ: ഗാസയിൽ വെടിനിർത്തൽ കരാറിൽ എത്തിച്ചേരുകയാണെങ്കിൽ, ഉടമ്പടിയിൽ ഒപ്പിടുന്ന ചടങ്ങിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ ഈജിപ്ഷ്യൻ പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് അൽ സിസി ക്ഷണിച്ചു. കെയ്‌റോയിൽ പോലീസ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഒരു ഉടമ്പടിയിൽ എത്തിച്ചേരുകയാണെങ്കിൽ, താങ്കൾ അതിൽ പങ്കെടുക്കുന്നത് വളരെ മികച്ച കാര്യമായിരിക്കും. ദൈവഹിതമനുസരിച്ച് ഒരു കരാറിൽ എത്തിയാൽ, ഈജിപ്തിൽ നടക്കുന്ന ഒപ്പിടൽ ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ പ്രസിഡൻ്റ് ട്രംപിനെ ക്ഷണിക്കുന്നു,” അൽ-സിസി പറഞ്ഞു.
“ശക്തമായ അധികാരം” നൽകി ട്രംപ് ദൂതന്മാരെ അയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ജാരെദ് കുഷ്‌നർ എന്നിവരെയാണ് സിസി പരാമർശിച്ചത്. “ഈ റൗണ്ട് ചർച്ചകളിൽ വെച്ച് യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡൻ്റ് ട്രംപ് ശക്തമായ അധികാരം നൽകി പ്രമുഖ യു.എസ്. ദൂതന്മാരെ ചൊവ്വാഴ്ച ഷാം എൽ ഷെയ്ഖിലേക്ക് അയച്ചു” എന്ന് അൽ സിസി പറഞ്ഞു.
“എൻ്റെ സന്ദേശം പ്രസിഡൻ്റ് ട്രംപിനോടാണ്… ഈ യുദ്ധം അവസാനിപ്പിക്കാനുള്ള നിങ്ങളുടെ പിന്തുണയും ഇച്ഛാശക്തിയും തുടരുക,” അദ്ദേഹം അഭ്യർഥിച്ചു. അടുത്ത റൗണ്ട് ചർച്ചകൾ നിർണായകമാകുന്ന ഈ ഘട്ടത്തിൽ, കരാർ യാഥാർത്ഥ്യമായാൽ മേഖലയിലെ സമാധാന ശ്രമങ്ങളിൽ ട്രംപിന് നിർണായക സ്ഥാനം ഉറപ്പിക്കാൻ ഈ ക്ഷണം സഹായകമായേക്കും.