എട്ടു വര്‍ഷം മുന്‍പത്തെ വീഡിയോ വൈറലായത് ഇപ്പോള്‍; കൊച്ചുകുട്ടിയെക്കൊണ്ട് സിഗരറ്റ് വലിപ്പിച്ച ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരെ സോഷ്യല്‍ മീഡിയ

ന്യൂയോര്‍ക്ക് : സംഭവം നടന്നിട്ട് എട്ടു വര്‍ഷങ്ങള്‍ക്കഴിഞ്ഞു. പക്ഷേ സോഷ്യല്‍ മീഡിയ ചികഞ്ഞെടുത്ത വീഡിയോ ഇപ്പോള്‍ വൈറലായതോടെ ഇമേജ് തകര്‍ന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ പെന്‍സില്‍വേനിയ സ്വദേശിനി.

ഫിയോന ജോര്‍ദാന്‍ എന്ന 23കാരി 15ാം വയസ്സില്‍ ഒരു ചെറിയ കുട്ടിക്ക് ബേബി സിറ്റിങ് നടത്തിയിരുന്നു. അതനിടെ കുട്ടിയെ കൊണ്ട് ഇ-സിഗരറ്റ് ഉപയോഗിച്ച് പുകവലിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. വീഡിയോയില്‍ പുകവലിച്ച ശേഷം കുട്ടി ചുമയ്ക്കുന്നതും അസ്വസ്ഥതയോടെ ചുറ്റും നോക്കുന്നതും കാണാം. ഇതുകണ്ട് ഫിയോനയും കൂട്ടുകാരികളും ആര്‍ത്ത് ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

സമൂഹമാധ്യമത്തില്‍ വന്‍ വിമര്‍ശനമാണ് ഫിയോനയ്‌ക്കെതിരെ എത്തുന്നത്. മറ്റുവഴികളില്ലാതെ ഫിയോന മാപ്പ് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. തനിക്ക് 15 വയസ്സുള്ളപ്പോള്‍ നടന്നതാണ് ഈ സംഭവമെന്നും പ്രായത്തിന്റെ അപക്വത കാരണമാണിതെന്നും കുടുംബത്തിനുണ്ടായ വേദനയില്‍ ക്ഷമ ചോദിക്കുന്നതായും ഫിയോന പറഞ്ഞു.