
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും മുൻ ഡോജ് മേധാവി ഇലേൺ മസ്‌കും തമ്മിലുള്ള പോരാട്ടം കടുത്തതിനിടെ വീണ്ടും ലോകം ചര്‍ച്ചയായി ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗീകാരോപണ ഫയലുകളും. ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗീകാരോപണ ഫയലുകളിൽ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്‍റെ പേരുമുണ്ടെന്ന ഗുരുതര ആരോപണമാണ് മസ്‌ക് ഉയര്‍ത്തിയത്. എപ്സ്റ്റീൻ ഫയലുകൾ ഇന്നും പുറത്ത് വരാത്തതിനുള്ള കാരണം പോലും ട്രംപിന്‍റെ പേരുള്ളതിനാലാണ് എന്നാണ് മസ്കിന്‍റെ ആരോപണം.
സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട കോടീശ്വരനാണ് ജെഫ്രി എപ്സ്റ്റീൻ. ന്യൂയോർക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാൾട്ടൺ സ്‌കൂളിലെ കണക്ക് അധ്യാപകനായി കരിയർ തുടങ്ങിയ ജെഫ്രി, 1970കളിൽ ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കായ ബെയർ സ്റ്റേൺസിൽ ജോലി ആരംഭിച്ചതോടെ നിക്ഷേപ ലോകത്തേക്കുള്ള യാത്ര ആംഭിക്കുകയായിരുന്നു. 1982ൽ സ്വന്തം സ്ഥാപനമായ ജെ. എപ്സ്റ്റീൻ ആൻഡ് കോ സ്ഥാപിച്ചു. നൂറുകോടിയിലധികം വരുമാനമുള്ളവർക്ക് പ്രത്യേക സേവനങ്ങൾ വാഗ്ദാനം ചെയ്ത് എപ്സ്റ്റീൻ പ്രമുഖരുമായി വ്യക്തിബന്ധം സ്ഥാപിച്ചു.
കരീബിയൻ ദ്വീപിലും ന്യൂയോർക്ക്, ഫ്ലോറിഡ, ന്യൂ മെക്സിക്കോ എന്നിവിടങ്ങളിലെ സാധാരണക്കാരായ ആളുകളുടെ വീട്ടിലെത്തി അവിടുത്തെ സ്ത്രീകളെ എപ്സ്റ്റീനും അയാളുടെ ഉന്നത ബന്ധങ്ങളുള്ള അതിഥികളും ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്ന പരാതിയുമായി നിരവധി വനിതകൾ രംഗത്തെത്തിയിരുന്നു. ലോകം മുഴുവനുള്ള ആളുകളെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. എന്നാൽ 2019ലെ ജെഫ്രിയുടെ മരണത്തിന് ശേഷം ഇയാളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർക്കെതിരായ നിയമ നടപടികൾ നിർത്തി വെയ്ക്കുകയായിരുന്നു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, കോൾ റെക്കോർഡുകൾ, ചാറ്റുകൾ, വീഡിയോകൾ, അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും ക്ലെയിന്റുകളുടെയും പേരുകൾ, മറ്റ് അന്വേഷണ ഡാറ്റ എന്നിവ ഉൾപ്പെടുന്ന ഫയലാണ് എപ്സ്റ്റീൻ ഫയലുകൾ എന്നറിയപ്പെടുന്നത്.