
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപിന്‍റെ പുതിയ നികുതി-ചെലവ് ബില്ലിനെതിരെ രൂക്ഷവിമർശനവുമായി ശതകോടീശ്വരൻ ഇലോൺ മസ്ക്. 1,000 പേജുകളുള്ള ഈ നിർദ്ദിഷ്ട ബിൽ തികച്ചും ഭ്രാന്തവും വിനാശകരവുമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സെനറ്റ് ബില്ലിന്മേൽ ചർച്ച തുടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് മസ്കിന്റെ ഈ പ്രതികരണം. “പുതിയ സെനറ്റ് ബിൽ അമേരിക്കയിലെ ദശലക്ഷക്കണക്കിന് ജോലികൾ നശിപ്പിക്കുകയും രാജ്യത്തിന് വലിയ തന്ത്രപരമായ ദോഷം വരുത്തുകയും ചെയ്യും,” മസ്ക് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് തികച്ചും ഭ്രാന്തവും വിനാശകരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ബിൽ പഴയ വ്യവസായങ്ങൾക്ക് സഹായം നൽകുകയും ഭാവിയിലെ വ്യവസായങ്ങളെ ഗുരുതരമായി തകർക്കുകയും ചെയ്യും
മസ്കിന്റെ ഈ പ്രസ്താവന ട്രംപ് ഭരണകൂടവുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിൽ വീണ്ടും വിള്ളലുണ്ടാക്കിയിട്ടുണ്ട്. അടുത്തിടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (Doge) തലവൻ സ്ഥാനത്ത് നിന്ന് മസ്ക് ഒഴിഞ്ഞിരുന്നു. ജൂലൈ 4 എന്ന സമയപരിധിക്കുള്ളിൽ ബിൽ പാസാക്കാൻ റിപ്പബ്ലിക്കൻ സെനറ്റ് നേതാക്കൾ ശ്രമിക്കുന്നതിനിടെയാണ് മസ്കിന്റെ ഈ ശക്തമായ എതിർപ്പ്. ഇത് ബിൽ പാസാക്കുന്നതിന് വീണ്ടും വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.