
അമേരിക്കയുടെ സാമ്പത്തിക രംഗത്തും ഭരണരംഗത്തും നവീകരണം ലക്ഷ്യമിട്ട് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഇലോൺ മസ്കിനെ ഏല്‍പ്പിച്ച പുതിയ വകുപ്പാണ് ഗവൺമെന്റ് എഫിഷ്യൻസി വകുപ്പ് അഥവാ ഡോജ് (DOGE). അമേരിക്കയുടെ ചെലവ് ചുരുക്കുന്നതിനായി നിരവധി പിരിച്ചു വിടലുകളാണ് മസ്കിന്‍റെ നേതൃത്വത്തിലുള്ള ഈ വകുപ്പ് നടത്തിയത്. എന്നാല്‍, ഇപ്പോൾ വലിയൊരു അബദ്ധം സംഭവിച്ചിരിക്കുകയാണ് ഈ വകുപ്പിന്.
ചെലവ് ചുരുക്കാൻ വേണ്ടി അമേരിക്കയുടെ നാഷണൽ ന്യൂക്ലിയർ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനിലെ ജോലിക്കാരെ കുറയ്ക്കാൻ വകുപ്പ് നടപടിയെടുത്തിരുന്നു. അമേരിക്കയുടെ ന്യൂക്ലിയർ ശേഖരം കൈകാര്യം ചെയ്യുന്ന ജീവനക്കാരാണ് പിരിച്ചുവിട്ടവരിൽ കൂടുതലും. ന്യൂക്ലിയർ ശേഖരം കൈകാര്യം ചെയ്യുന്നതിൽ ജീവനക്കാരുടെ പങ്ക് മനസിലാക്കാതെ 325 ഓളം തൊഴിലാളികളെ ഒറ്റയടിക്ക് പിരിച്ചുവിടുകയാണ് ചെയ്തത്.പിരിച്ചുവിട്ട ജീവനക്കാരിൽ ആണവായുധങ്ങൾ നിർമ്മിക്കുന്ന എൻഎൻഎസ്എ ജീവനക്കാരും ഉണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ആണവായുധങ്ങൾ നിർമ്മിക്കുന്ന കരാറുകാർക്കുള്ള ആവശ്യകതകളും മാർഗ്ഗനിർദ്ദേശങ്ങളും എഴുതുന്ന എൻഎൻഎസ്എ ആസ്ഥാനത്തെ ജീവനക്കാരും പിരിച്ചുവിടപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ട്. ജീവനക്കാരെ പിരിച്ചുവിടുരുതെന്നും എൻഎൻഎസ്എയ്ക്ക് ദേശീയ സുരക്ഷാ ഇളവ് വേണമെന്നും അഭ്യർത്ഥിച്ചിരുന്നെങ്കിലും മസ്‌കിന്റെ ഡോജ് ഇക്കാര്യം ചെവികൊണ്ടില്ല.എന്നാൽ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ചെയ്തത് വൻ അബദ്ധമാണെന്ന് മനസിലായത്. ആണവ ആയുധങ്ങളുമായി ബന്ധപ്പെട്ട കരാറുകളും മറ്റും താറുമാറായതോടെ പിരിച്ചുവിട്ട 325 തൊഴിലാളികളിൽ ഭൂരിഭാഗത്തിനെയും ഇപ്പോൾ വീണ്ടും ജോലിക്കെടുത്തിരിക്കുകയാണ്.
പ്രൊബേഷണറി ജീവനക്കാരുടെ പിരിച്ചുവിടൽ റദ്ദാക്കാൻ ഏജൻസിക്ക് നിർദ്ദേശം ലഭിച്ചതായി ആക്ടിംഗ് എൻഎൻഎസ്എ അഡ്മിനിസ്‌ട്രേറ്റർ തെരേസ റോബിൻസ് പറഞ്ഞു.













