‘അമേരിക്ക പാർട്ടി’- അതെ അതാണ് ഇലോൺ മസ്കിൻ്റെ പുതിയ രാഷ്ട്രീയ പാർട്ടി, പക്ഷേ മസ്കിന് യുഎസ് പ്രസിഡൻ്റാകാൻ സാധിക്കില്ല

വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇടഞ്ഞതിനു പിന്നാലെ പുതിയ രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്. “നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങൾക്ക് തിരികെ നൽകുന്നതിനായി” ‘അമേരിക്ക പാർട്ടി’ രൂപീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

അമേരിക്കയിൽ ഒരു പുതിയ രാഷ്ട്രീയപാർട്ടി രൂപവത്കരിക്കേണ്ടതിൻറെ ആവശ്യകത സംബന്ധിച്ച് അഭിപ്രായ സർവേ (poll) മസ്ക് കഴിഞ്ഞ ദിവസം എക്സിൽ പങ്കുവെച്ചിരുന്നു. ഇതിന്റെ ഫലം അടിസ്ഥാനപ്പെടുത്തിയാണ് പുതിയ പാർട്ടി പ്രഖ്യാപനം. പുതിയൊരു രാഷ്ട്രീയ ബദൽ 2-1 എന്ന അനുപാതത്തിൽ പൊതുജനങ്ങൾ ആ​ഗ്രഹിക്കുന്നുവെന്ന് മസ്ക് കുറിപ്പിൽ വ്യക്തമാക്കി. ധൂർത്തും അഴിമതിയും കൊണ്ട് രാജ്യത്തെ പാപ്പരാക്കുന്ന ഒരു ഏകകക്ഷി ഭരണസംവിധാനത്തിലാണ് ജീവിക്കുന്നതെന്നും ജനാധിപത്യത്തിലല്ലെന്നും മസ്ക് വിമർശിച്ചു.

പ്രസിഡന്റ് ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് ഇലോൺ മസ്ക് യുഎസ് രാഷ്ട്രീയത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. ട്രംപിന്റെ ബിൽ സെനറ്റിൽ പാസാക്കിയാൽ, ഡെമോക്രാറ്റിക്-റിപ്പബ്ലിക്കൻ പാർട്ടികൾക്ക് പകരമായി താൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും ബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്ന റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളെ അടുത്ത തിരഞ്ഞെടുപ്പിൽ നിലം തൊടീക്കില്ലെന്നും മസ്ക് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, സ്വന്തംപാർട്ടി രൂപവത്കരിക്കുകയും ആ പാർട്ടി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്താലും ജന്മംകൊണ്ടുള്ള അമേരിക്കൻ പൗരത്വം മസ്‌കിന് ഇല്ലാത്തതിനാൽ മസ്‌കിന് അമേരിക്കൻ പ്രസിഡന്റ് ആകാൻ കഴിയില്ല. ട്രംപുമായി ഇടഞ്ഞപ്പോൾ തന്നെ പുതിയ പാർട്ടി രൂപീകരിക്കുന്നതു സംബന്ധിച്ച് മസ്ക് സൂചിപ്പിച്ചിരുന്നു. ഇനി ട്രംപിൻ്റെ ഊഴമാണ്. അദ്ദേഹം ട്രംപിനെ ആഫ്രിക്കയിലേക്ക് നാടുകടത്തുമെന്നു വരെ പ്രഖ്യാപിച്ചിരുന്നതാണ്.

Elon Musk Formed new political party named America party

More Stories from this section

family-dental
witywide