
ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയയുമായി മത്സരിക്കാന്‍ പകരക്കാരനെ ഇറക്കി എലോണ്‍ മസ്‌ക്. ഗ്രോക്കിപീഡിയ എന്ന് പേരിട്ടിരിക്കുന്ന വിജ്ഞാനകോശം വിക്കിപീഡിയയേക്കാള്‍ പത്ത് മടങ്ങ് മികച്ചതായിരിക്കും എന്ന് മസ്‌ക് എക്സ് അക്കൗണ്ടിലൂടെ അവകാശപ്പെട്ടു.
യഥാര്‍ത്ഥ വിവരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും പക്ഷപാതരഹിതവും അജണ്ടകളില്ലാത്തതുമായ ഒരു ഓണ്‍ലൈന്‍ വിജ്ഞാനകോശം സ്ഥാപിക്കുക എന്നതാണ് ഗ്രോക്കിപീഡിയയുടെ പ്രധാന ലക്ഷ്യം എന്നാണ് മസ്‌കിന്റെ വാദം. ഗ്രോക്കിപീഡിയ.കോം ഇപ്പോള്‍ സജീവമാണെന്നും എന്നും അതിന്റെ ലക്ഷ്യം ‘സത്യം, മുഴുവന്‍ സത്യം, സത്യമല്ലാതെ മറ്റൊന്നുമല്ല’ എന്നും സോഷ്യല്‍ മീഡിയയില്‍ മസ്‌ക് എഴുതി.
വിക്കിപീഡിയയെ നിരന്തരം വിമര്‍ശിക്കുകയും ലാഭേച്ഛയില്ലാത്ത ഒരു സ്ഥാപനം നടത്തുന്ന സൈറ്റിലേക്ക് സംഭാവന നല്‍കുന്നത് നിര്‍ത്താന്‍ ആളുകളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. 2023 ഒക്ടോബറില്‍ വിക്കിപീഡിയയുടെ പേര് താന്‍ പറയുന്ന രീതിയിലേക്ക് മാറ്റിയാല്‍ ഒരു ബില്യണ്‍ ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് മസ്‌ക് പരിഹസിച്ചിരുന്നു. പിന്നാലെയാണ് സ്വന്തമായി വിജ്ഞാനകോശവുമായി എത്തിയിരിക്കുന്നത്. ലളിതമായ ഡിസൈനിലുള്ള വെബ്സൈറ്റില്‍ സെര്‍ച്ച് ബാറില്‍ വിഷയം തിരഞ്ഞാല്‍ വിക്കിപീഡിയ മാതൃകയില്‍ തന്നെ സജഷനുകള്‍ തെളിയും. നിലവില്‍, ഗ്രോക്കിപീഡിയയില്‍ ഏകദേശം 9 ലക്ഷത്തോളം ലേഖനങ്ങള്‍ ലഭ്യമാണ്. അതേസമയം, വിക്കിപീഡിയയ്ക്ക് ഇംഗ്ലീഷില്‍ 7 ദശലക്ഷത്തിലധികം ലേഖനങ്ങളോളം ലഭ്യമാണ്. സെപ്റ്റംബറില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ തന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ xAI ഗ്രോക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മസ്‌ക് അറിയിച്ചു.
വിക്കിപീഡിയയെപ്പോലെ, ഗ്രോക്കിപീഡിയയിലും ഉപയോക്താക്കള്‍ക്ക് ടെയ്ലര്‍ സ്വിഫ്റ്റ്, ബേസ്‌ബോള്‍ വേള്‍ഡ് സീരീസ് അല്ലെങ്കില്‍ ബക്കിംഗ്ഹാം പാലസ് പോലുള്ള വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങള്‍ക്കായി തിരയാന്‍ കഴിയും.
വിക്കിപീഡിയ എഴുതുന്നതും എഡിറ്റ് ചെയ്യുന്നതും വളണ്ടിയര്‍മാരാണെങ്കിലും, ഗ്രോക്കിപീഡിയയിലെ ലേഖനങ്ങള്‍ എങ്ങനെയാണ് കൃത്യമായി ഒരുമിച്ച് ചേര്‍ക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ ചില ലേഖനങ്ങള്‍ വിക്കിപീഡിയയില്‍ നിന്ന് സ്വീകരിച്ചതായി ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
Elon Musk introduces Grokipedia.













