
ന്യൂയോർക്ക്: ഓറക്ക്ൾ സഹസ്ഥാപകനായ ലാറി എലിസൺ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി. ചൊവ്വാഴ്ച ഓറക്ക്ളിന്‍റെ വരുമാന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇലോൺ മസ്കിനെ പിന്നിലാക്കി എലിസൺ ഈ നേട്ടം കൈവരിച്ചത്. ഓറക്ക്ളിന്‍റെ ഓഹരി വിലകൾ കുതിച്ചുയർന്നതാണ് എലിസണിന്റെ സമ്പത്ത് വർധിക്കാൻ കാരണം.
എഐ രംഗത്ത് ഓറക്ക്ളിന്‍റെ കുതിപ്പ്
എഐ ഉപഭോക്താക്കളിൽ നിന്ന് തങ്ങളുടെ ഡാറ്റാ സെന്റർ സേവനങ്ങൾക്ക് വലിയ ആവശ്യം വർധിച്ചതായി ഓറക്ക്ളിന്‍റെ റിപ്പോർട്ട് ചെയ്തു. ഇതാണ് കമ്പനിയുടെ ഓഹരിവില ഉയരാൻ കാരണം. ബുധനാഴ്ച രാവിലെ ഓഹരികൾ 40 ശതമാനം ഉയർന്നു. കഴിഞ്ഞ പാദത്തിൽ ഉപഭോക്താക്കളുമായി നാല് മൾട്ടിബില്യൺ ഡോളർ കരാറുകൾ ഒപ്പിട്ടതായും വരും മാസങ്ങളിൽ കൂടുതൽ കരാറുകൾ പ്രതീക്ഷിക്കുന്നതായും സിഇഒ സാഫ്റ കാറ്റ്സ് അറിയിച്ചു. എഐ കമ്പനികൾക്ക് ആവശ്യമായ കമ്പ്യൂട്ടിങ് പവർ നൽകുന്നതിലാണ് ഓറക്ക്ളിന്‍റെ ഈ വളർച്ച. ചാറ്റ്ജിപിടിയുടെ മാതൃസ്ഥാപനമായ ഓപ്പൺ എഐക്ക് വൈദ്യുതി നൽകാൻ ജൂലൈയിൽ ഓറക്ക്ൾ കരാറുണ്ടാക്കിയിരുന്നു.
റെക്കോർഡ് വർധനവും എലിസണിന്റെ സ്ഥാനവും
ഓറക്ക്ളിന്‍റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയാണ് എലിസൺ. ചൊവ്വാഴ്ച മാത്രം അദ്ദേഹത്തിൻ്റെ സമ്പത്തിൽ 101 ബില്യൺ ഡോളറിൻ്റെ വർധനവാണ് ഉണ്ടായത്. ഇത് ഒരു ദിവസംകൊണ്ട് ഒരു വ്യക്തിയുടെ സമ്പത്തിലുണ്ടാകുന്ന ഏറ്റവും വലിയ വർധനവാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. 393 ബില്യൺ ഡോളർ സമ്പത്തുമായി എലിസൺ ഒന്നാമതെത്തിയപ്പോൾ, 385 ബില്യൺ ഡോളറുമായി ഇലോൺ മസ്ക് രണ്ടാം സ്ഥാനത്തായി.