കാബിനറ്റ് യോഗത്തിനിടെ ട്രംപ് നോക്കിനില്‍ക്കെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും മസ്‌കും കൊമ്പുകോര്‍ത്തു, ഒന്നും സംഭവിച്ചിട്ടില്ലെന്ന് ട്രംപിന്റെ പ്രതിരോധം

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നോക്കിനില്‍ക്കെ, ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിനെച്ചൊല്ലി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ശതകോടീശ്വരനും വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ ഇലോണ്‍ മസ്‌കും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച നടന്ന കാബിനറ്റ് യോഗത്തിനിടെയായിരുന്നു സംഭവമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മസ്‌ക് അല്ല, തങ്ങളുടെ ഏജന്‍സികളിലെ സ്റ്റാഫിംഗ്, നയം എന്നിവയില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് തങ്ങളാണെന്ന് ട്രംപ് തന്റെ കാബിനറ്റ് തലവന്മാരോട് പറഞ്ഞ യോഗത്തിലാണ് നാടകീയത അരങ്ങേറിയതെന്നാണ് റിപ്പോര്‍ട്ട്.

സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന അനാവശ്യ ചിലവുകള്‍ ഒഴിവാക്കാന്‍ ട്രംപ് നിയോഗിച്ച മസ്‌ക് വലിയൊരു ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ നിര്‍ദേശിച്ചെങ്കിലും റൂബിയോ അത് ചെയ്തില്ലെന്നും തന്റെ നീക്കത്തിന് തടസ്സം നില്‍ക്കുകയാണെന്നും മസ്‌ക് ആരോപിച്ചതായി ടൈംസ് പറഞ്ഞു. 1,500 സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ വിരമിക്കല്‍ കാലാവധിക്ക് മുമ്പ് വിരമിക്കല്‍ തുകകള്‍ വാങ്ങിയിട്ടുണ്ടെന്നും അവരെ തിരിച്ചെടുത്ത് വീണ്ടും പിരിച്ചുവിടുകയാണോ മസ്‌കിന് വേണ്ടതെന്നും റൂബിയോ പരിഹാസപൂര്‍വ്വം ചോദിച്ചതായി അതില്‍ പറയുന്നു.

ചിലവുചുരുക്കലിന്റെ ഭാഗമായി മസ്‌ക് നടത്തുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തെത്തുടര്‍ന്നാണ് യോഗം വിളിച്ചുചേര്‍ത്തത്. എന്നാല്‍ റൂബിയോയും മസ്‌കും ഇടഞ്ഞതുമായി ബന്ധപ്പെട്ട ടൈംസ് റിപ്പോര്‍ട്ടിനെക്കുറിച്ച്
ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ട്രംപ് അത് നിഷേധിച്ചു.

‘ഒരു ഏറ്റുമുട്ടലും ഇല്ല, ഞാന്‍ അവിടെ ഉണ്ടായിരുന്നു, നിങ്ങള്‍ ഒരു കുഴപ്പക്കാരന്‍ മാത്രമാണ്,’ റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ച ഒരു റിപ്പോര്‍ട്ടറോട് അദ്ദേഹം പറഞ്ഞു. ‘എലോണ്‍ മാര്‍ക്കോയുമായി മികച്ച രീതിയില്‍ ഇടപഴകുന്നു, അവര്‍ രണ്ടുപേരും മികച്ച ജോലി ചെയ്യുന്നു.’ എന്നും ട്രംപ് പ്രതിരോധം തീര്‍ത്തു. ‘മാര്‍ക്കോ സ്റ്റേറ്റ് സെക്രട്ടറി എന്ന നിലയില്‍ അവിശ്വസനീയമാംവിധം പ്രവര്‍ത്തിക്കുന്നു. ഇലോണ്‍ ഒരു അതുല്യ വ്യക്തിയാണ്, അതിശയകരമായ ജോലി ചെയ്യുന്നു’ ട്രംപ് കൂട്ടിച്ചേര്‍ത്തു.

Also Read

More Stories from this section

family-dental
witywide