
വാഷിംഗ്ടണ്‍: മാസ്സീവ് സ്പെൻഡിംഗ് പാക്കേജ് നടപ്പിലാക്കാനുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിയമനിർമ്മാണ ശ്രമത്തിൽ നിരാശയുണ്ടെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. ഇത് ബജറ്റ് കമ്മി വർദ്ധിപ്പിക്കുകയേ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്‍റെ പുതിയ നിയമ നിര്‍മ്മാണം കണ്ടപ്പോൾ സത്യത്തിൽ നിരാശനായി. അത് ബജറ്റ് കമ്മി കുറയ്ക്കുകയല്ല, വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല, ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (DOGE) ടീം ചെയ്യുന്ന പ്രവർത്തനങ്ങളെ തുരങ്കം വെക്കുകയും ചെയ്യുന്നുവെന്നും അടുത്തിടെ ഡോജ് നേതൃസ്ഥാനത്ത് നിന്ന് പിന്മാറിയ മസ്ക് പറഞ്ഞു.
ഒരു ബിൽ വലുതാകാം, അല്ലെങ്കിൽ അത് മനോഹരമാകാം. പക്ഷേ അത് രണ്ടും ഒരുമിച്ച് ആകുമോ എന്ന് തനിക്കറിയില്ല. ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്‍റിന്‍റെ ഏറ്റവും അടുത്ത അനുയായി ആണെങ്കിലും ഈ വിഷയത്തിൽ അദ്ദേഹവുമായി വിയോജിപ്പാണ് മസ്ക് പ്രകടിപ്പിച്ചത്. 2017ലെ നികുതി ഇളവുകൾ 10 വർഷത്തേക്ക് നീട്ടുന്നതിന് സാമൂഹിക സുരക്ഷാ പദ്ധതികൾ വെട്ടിച്ചുരുക്കുന്നതിലൂടെ ഒരു പുതിയ സുവർണ്ണ കാലഘട്ടം എന്ന ട്രംപിന്‍റെ കാഴ്ചപ്പാട് നിറവേറ്റുന്ന “വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്റ്റിനെ” കുറിച്ചാണ് ടെസ്ല സിഇഒ പരാമർശിച്ചത്.
അതിർത്തി സുരക്ഷാ ചെലവുകൾ വർദ്ധിപ്പിക്കാനും, മെഡിക്കെയ്ഡ് തൊഴിൽ ആവശ്യകതകൾ നടപ്പിലാക്കാനും, ക്ലീൻ എനർജി നികുതി ആനുകൂല്യങ്ങൾ റദ്ദാക്കാനും ഈ നിയമനിർമ്മാണം ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞയാഴ്ച ജനപ്രതിനിധി സഭ ഈ ബിൽ പാസാക്കി.














