
വാഷിംഗ്ടണ്‍: ശതകോടീശ്വരൻ എലോൺ മസ്‌കിന്‍റെ അവിഹിത ബന്ധങ്ങളോടും മയക്കുമരുന്നുകളോടുമുള്ള താത്പര്യം അദ്ദേഹത്തെ റഷ്യയുടെ എളുപ്പത്തിലുള്ള ലക്ഷ്യമാക്കി മാറ്റിയെന്ന് മുൻ എഫ്ബിഐ ഏജന്‍റിന്‍റെ വെളിപ്പെടുത്തല്‍. യുക്രൈനിലെ യുദ്ധം ആരംഭിച്ചതുമുതൽ ടെസ്‌ല സിഇഒ റഷ്യയുടെ പ്രധാന ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുൻ കൗണ്ടർ ഇന്റലിജൻസ് സ്‌പെഷ്യൽ ഏജന്റ് ജോനാഥൻ ബുമയാണ് ഈ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. മസ്‌കിനൊപ്പം പേപാൽ സഹസ്ഥാപകൻ പീറ്റർ തിയലും റഷ്യക്കാരുടെ മറ്റൊരു ലക്ഷ്യമായിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. ഈ ആളുകളെ പിന്നീട് ബ്ലാക്ക് മെയിലിംഗിനായി ഉപയോഗിക്കാനായിരുന്നു പദ്ധതി എന്നും ബുമ പറഞ്ഞു.
എലോൺ മസ്‌ക് സ്ത്രീകൾക്കും ലൈംഗികതയ്ക്കും മയക്കുമരുന്നുകൾക്കും അടിമയാണെന്ന് ബുമ പറഞ്ഞു. കൂടാതെ ഡെസേർട്ട് റേവ് രംഗമായ ബേണിംഗ് മാൻ, അഡൾട്ട് എന്റർടൈൻമെന്റ്, ചൂതാട്ടം എന്നിവയിൽ താല്പര്യമുള്ളയാളാണ്. ഇത് റഷ്യൻ ഏജന്റുമാർക്ക് അദ്ദേഹത്തിലേക്ക് എത്താനുള്ള ഒരു സാധ്യമായ പ്രവേശന മാർഗ്ഗമായി ഉപയോഗിക്കാനായിരുന്നു പദ്ധതി. പ്രത്യേകിച്ച് കെറ്റാമൈൻ പോലുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും അവിഹിത ബന്ധങ്ങളോടുള്ള മസ്‌കിന്റെ താല്പര്യവും റഷ്യൻ ഇന്റലിജൻസ് ഒരു ഏജന്റിന് ഉപയോഗപ്പെടുത്താനുള്ള അവസരമായി കണ്ടുവെന്നും ബൂമ പറഞ്ഞു. എന്നാൽ, ഈ വിവരത്തിന്റെ ഉറവിടം ബുമ വെളിപ്പെടുത്തിയില്ല.














