
വാഷിംഗ്ടൺ: ജെഫ്രി എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് പുതുതായി പത്ത് ലക്ഷത്തിലധികം രേഖകൾ കണ്ടെത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, നീതിന്യായ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എപ്‌സ്റ്റീനുമായി ബന്ധമുള്ള ഡെമോക്രാറ്റിക് പാർട്ടി നേതാക്കളുടെ പേരുകൾ ഉടൻ പുറത്തുവിടണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
എപ്‌സ്റ്റീൻ കേസ് ഡെമോക്രാറ്റുകൾ കെട്ടിച്ചമച്ച ഒന്നാണെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റിൽ ആരോപിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെയും തന്റെയും വിജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു.
“ഡെമോക്രാറ്റുകളാണ് എപ്‌സ്റ്റീനുമായി ചേർന്ന് പ്രവർത്തിച്ചത്, റിപ്പബ്ലിക്കൻമാരല്ല. അവരുടെ പേരുകളെല്ലാം പുറത്തുവിടൂ, അവരെ നാണം കെടുത്തൂ,” എന്ന് ട്രംപ് കുറിച്ചു. ഇത്തരം “മന്ത്രവാദി വേട്ടകൾക്കായി” സമയം കളയാതെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ പോലുള്ള വിഷയങ്ങളിൽ നീതിന്യായ വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എപ്‌സ്റ്റീൻ കേസിലെ രേഖകൾ പൂർണ്ണമായും പുറത്തുവിടാനുള്ള നടപടികൾ പുരോഗമിക്കവേയാണ് ട്രംപിന്റെ ഈ പ്രതികരണം. കഴിഞ്ഞ വാരം പുറത്തുവന്ന ചില രേഖകളിൽ ട്രംപ് മുൻപ് എപ്‌സ്റ്റീന്റെ വിമാനത്തിൽ യാത്ര ചെയ്തതിന്റെ വിവരങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണവുമായി ട്രംപ് രംഗത്തെത്തിയത്. അതേസമയം, എപ്‌സ്റ്റീന്റെ സഹായിയായിരുന്ന ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട രേഖകളും വൈകാതെ പുറത്തുവരുമെന്നാണ് റിപ്പോർട്ടുകൾ.















