എമോറി വെടിവയ്പ്പ് : അക്രമി സൈലസ് ക്രൂഗര്‍ ? എത്തിയത് മരിക്കാന്‍ ഉറച്ചു തന്നെ, മകന്റെ നീക്കത്തെക്കുറിച്ച് നേരത്തെ പൊലീസിനെ അറിയിച്ചെന്ന് പിതാവ്‌

ജോര്‍ജിയ: വെള്ളിയാഴ്ച ഉച്ചയ്ക്ക് ജോര്‍ജിയയിലെ അറ്റ്‌ലാന്റയിലെ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കെട്ടിടത്തിലേക്ക് വെടിയുതിര്‍ത്ത അക്രമി മരിക്കാന്‍ തയ്യാറെടുത്തു തന്നെയാണ് എത്തിയതെന്ന് സൂചന. വെടിയേറ്റ് മരിച്ച ഇയാളുടെ നീക്കത്തെക്കുറിച്ച് നേരത്തെ തന്നെ പിതാവ് പൊലീസുകാരെ അറിയിച്ചിരുന്നുവെന്ന് ചില പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ഇനിയും പുറത്തുവിട്ടിട്ടില്ല. എന്നാല്‍, സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ പ്രതി സ്‌ട്രെച്ചറില്‍ കിടക്കുന്നതായി കാണാം. സോഷ്യല്‍ മീഡിയയിലെ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, വെടിവച്ചയാളുടെ പേര് സൈലസ് ക്രൂഗര്‍ ആണെന്നും അദ്ദേഹം എമോറി യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിയാണെന്നും അവകാശപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.

വെടിവയ്പ്പിന് ഒരു ദിവസം മുമ്പ് തന്റെ മകന്റെ അവസ്ഥയെക്കുറിച്ച് നിയമപാലകരെ അറിയിച്ചിരുന്നുവെന്ന് സംശയിക്കപ്പെടുന്നയാളുടെ പിതാവ് പറഞ്ഞതായാണ് വിവരം. ക്ലിഫ്റ്റണ്‍ റോഡിലെ എമോറി പോയിന്റിലുള്ള സിഡിസി കെട്ടിടത്തിന് സമീപം ഒരു ബാക്ക്പാക്കുമായി പ്രതി എത്തിയതായി സിഡിസിയിലെ ഒരു ജീവനക്കാരന്‍ സിഎന്‍എന്നിനോട് പറഞ്ഞു. തുടര്‍ന്ന് അയാള്‍ ബാക്ക്പാക്കില്‍ നിന്ന് ഒരു റൈഫിള്‍ പുറത്തെടുത്ത് കെട്ടിടത്തിന് നേരെ വെടിയുതിര്‍ത്തു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ടിട്ടുണ്ട്. പൊലീസ് ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടതായി അറ്റ്‌ലാന്റ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു.

പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം നാലുമണിക്ക് ശേഷമാണ് സംഭവം.

ഒരാള്‍ സിഡിസി ഏജന്‍സിയുടെ ആസ്ഥാനത്ത് എത്തി കെട്ടിടത്തിലേക്ക് വെടിയുതിര്‍ക്കുന്നത് താന്‍ കണ്ടതായി എമോറിക്ക് സമീപമുള്ള സിഡിസിയിലെ ഒരു ജീവനക്കാരന്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ”ഒന്നിനു പുറകെ ഒന്നായി പടക്കം പൊട്ടുന്നത് പോലെയായിരുന്നു ശബ്ദം,” എന്ന് ദൃക്‌സാക്ഷികളും പങ്കുവെച്ചു. അക്രമിയുടെ കൈവശം ഒന്നിലധികം തോക്കുകള്‍ ഉണ്ടായിരുന്നുവെന്നും ഒന്ന് ഒരു റൈഫിളും മറ്റൊന്ന് ഒരു ഷോട്ട്ഗണുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ജിക്കല്‍ മാസ്‌ക് പോലെ തോന്നിക്കുന്ന ഒന്ന് അക്രമി ധരിച്ചിരുന്നതായി പൊലീസ് പറയുന്നു

More Stories from this section

family-dental
witywide