
വാഷിംഗ്ടൺ: കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഉൾപ്പെടെ അഞ്ച് അന്താരാഷ്ട്ര യുദ്ധങ്ങൾ താൻ തടഞ്ഞെുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുക്രെയനിലെ യുദ്ധത്തിന് കാരണം മുൻ പ്രസിഡന്‍റ് ജോ ബൈഡനാണെന്നും ട്രംപ് ആരോപിച്ചു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ അഞ്ച് യുദ്ധങ്ങൾ തടഞ്ഞു, ആറാമത്തെ യുദ്ധം റഷ്യ – യുക്രൈൻ ആകണമെന്ന് ആഗ്രഹിക്കുന്നു. ഇത് ബൈഡന്‍റെ യുദ്ധമാണ്, ഇതിൽ നിന്ന് പുറത്തുവരാൻ കഠിനമായി പരിശ്രമിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.
അദ്ദേഹം തടഞ്ഞെന്ന് അവകാശപ്പെടുന്ന യുദ്ധങ്ങളുടെ പട്ടികയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തെയും ഉൾപ്പെടുത്തി. മിക്ക സംഘർഷങ്ങളും ദിവസങ്ങൾക്കകം താൻ അവസാനിപ്പിച്ചു. അതിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതും ഉൾപ്പെടുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്, ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ഉൾപ്പെടെ ലോകമെമ്പാടുമുള്ള സമാധാന കരാറുകൾക്ക് ട്രംപ് നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്‍റെ ഈ പ്രസ്താവന.