
വാഷിംഗ്ടൺ: ഇന്ത്യൻ റിഫൈനറികൾ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങി അത് പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് വലിയ ലാഭം ഉണ്ടാക്കുന്നുവെന്ന യുഎസ് വാദം തെറ്റാണെന്ന് ലോകപ്രശസ്ത ഊർജ്ജ വിദഗ്ദ്ധൻ അനസ് അൽഹജ്ജി. റഷ്യയുടെ എണ്ണ വ്യാപാരത്തിന് ഇന്ത്യ ഒരു മറയായി പ്രവർത്തിക്കുന്നുവെന്ന വാദം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്ൻ യുദ്ധത്തിന് മുൻപും പിൻപും ഇന്ത്യയുടെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി ഏതാണ്ട് ഒരുപോലെയാണ്. അതിനാൽ, അവർ ഇറക്കുമതി ചെയ്യുന്നത് കയറ്റുമതി ചെയ്യാനാണെന്ന വാദം ശരിയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസ് ട്രേഡ് അഡ്വൈസർ പീറ്റർ നവാറോയുടെ ആരോപണത്തിന് മറുപടിയായാണ് അൽഹജ്ജിയുടെ ഈ പ്രസ്താവന. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ ക്രൂഡ് ഓയിൽ വാങ്ങി അത് സംസ്കരിച്ച് വിദേശ രാജ്യങ്ങളിൽ വിറ്റ് ഇന്ത്യ ലാഭമുണ്ടാക്കുന്നുവെന്ന് നവാറോ ആരോപിച്ചിരുന്നു.
യുക്രെയ്ൻ യുദ്ധത്തെ മോദിയുടെ യുദ്ധം എന്ന് നവാറോ വിളിക്കുകയും, കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങി ഇന്ത്യ റഷ്യയെ പരോക്ഷമായി പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിൽ ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതിനാണ് താരിഫ് ലക്ഷ്യമിടുന്നത്.