
വാഷിംഗ്ടൺ: അന്തരിച്ച ഡയാന രാജകുമാരിയെ ജെഫ്രി എപ്‌സ്റ്റൈന് പരിചയപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് എപ്‌സ്റ്റൈന്റെ കൂട്ടാളിയായ ഗിസ്‌ലൈൻ മാക്‌സ്‌വെൽ അവകാശപ്പെട്ടു. ഡയാനയുടെ അടുത്ത സുഹൃത്തായ റോസ മോങ്ക്ടൺ ലണ്ടനിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് ഇത് നടക്കാൻ സാധ്യതയുണ്ടായിരുന്നതെന്നും മാക്‌സ്‌വെൽ പറഞ്ഞു. യുഎസ് നീതിന്യായ വകുപ്പ് അടുത്തിടെ പുറത്തിറക്കിയ രേഖകളിലാണ് ഈ വിവരങ്ങളുള്ളത്.
പ്രായപൂർത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി എപ്‌സ്റ്റൈന് കൈമാറിയതിന് 20 വർഷം തടവ് ശിക്ഷ അനുഭവിക്കുന്ന മാക്‌സ്‌വെൽ, ഇരുവരും തമ്മിൽ കണ്ടിട്ടുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്നും എന്നാൽ അതിന് ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ മാസം ഡെപ്യൂട്ടി അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ചെയുമായി നടത്തിയ അഭിമുഖത്തിൽ, താൻ എപ്‌സ്റ്റൈനെ കണ്ടുമുട്ടുന്നതിന് മുൻപ് അദ്ദേഹം ലണ്ടനിലാണ് താമസിച്ചിരുന്നതെന്നും ഡയാനയുടെ അടുത്ത സുഹൃത്ത് റോസ മോങ്ക്ടൺ, അവരുടെ ഭർത്താവും പത്രപ്രവർത്തകനുമായ ഡൊമിനിക് ലോസൺ എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും മാക്‌സ്‌വെൽ പറഞ്ഞു.
മോങ്ക്ടൺ സംഘടിപ്പിച്ച ഒരു പ്രധാന പരിപാടിയിൽ എപ്‌സ്റ്റൈൻ പങ്കെടുത്തതായി അവർ പറഞ്ഞു. “അവിടെ വെച്ച് അദ്ദേഹം ഡയാനയോടൊപ്പം ഇരിക്കുകയോ അവരെ കാണുകയോ ചെയ്തോ എന്ന് എനിക്കറിയില്ല. പക്ഷേ ആ പരിപാടി സംഘടിപ്പിച്ചത് റോസയാണെന്ന് വിശ്വസിക്കുന്നു. അദ്ദേഹത്തിന് ഒരു ‘ഡേറ്റ്’ ആയി ഡയാനയെ ഒരുക്കിയതാണോ എന്നും തനിക്കറിയില്ല. ഡയാനയെക്കുറിച്ച് മോശമായി സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല, അതിനാൽ അതിന് ശ്രമിക്കുന്നില്ല,” മാക്‌സ്‌വെൽ കൂട്ടിച്ചേർത്തു.