
ഫിനിക്സ് (അരിസോണ): 2028ലെ അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് വർഷങ്ങൾ ബാക്കിനിൽക്കെ, റിപ്പബ്ലിക്കൻ രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി ‘ടേണിംഗ് പോയിന്‍റ് യുഎസ്എ’. കൊല്ലപ്പെട്ട പ്രമുഖ വലതുപക്ഷ ആക്ടിവിസ്റ്റ് ചാർളി കിർക്കിന്റെ ഭാര്യയും സംഘടനയുടെ നിലവിലെ സിഇഒയുമായ എറിക്ക കിർക്ക്, വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെ അടുത്ത പ്രസിഡന്‍റ് സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പിന്തുണച്ചു. ഫിനിക്സിൽ നടന്ന ടേണിംഗ് പോയിന്‍റ് യുഎസ്എയുടെ വാർഷിക സമ്മേളനമായ ‘അമേരിക്ക ഫെസ്റ്റിൽ’ ആയിരങ്ങളെ അഭിസംബോധന ചെയ്യവെയായിരുന്നു ഈ പ്രഖ്യാപനം.
“എന്റെ ഭർത്താവിന്റെ സുഹൃത്തായ ജെ ഡി വാൻസിനെ 48-ാമത് പ്രസിഡന്‍റായി (2028-ൽ) ഏറ്റവും ഉജ്ജ്വലമായ രീതിയിൽ നമ്മൾ തിരഞ്ഞടുക്കും,” എറിക്ക കിർക്ക് പ്രഖ്യാപിച്ചു. അന്തരിച്ച തന്‍റെ ഭർത്താവിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ തുടർച്ചയായാണ് ഈ നീക്കത്തെ അവർ വിശേഷിപ്പിച്ചത്. നിലവിലെ വൈസ് പ്രസിഡന്റായ വാൻസിനെ ഡോണൾഡ് ട്രംപിന്റെ ‘മാഗ’ പ്രസ്ഥാനത്തിന്റെ സ്വാഭാവിക പിൻഗാമിയായാണ് രാഷ്ട്രീയ ലോകം കാണുന്നത്. ടേണിംഗ് പോയിന്‍റ് യുഎസ്എയുടെ പിന്തുണ ലഭിക്കുന്നതോടെ, രാജ്യത്തെ യുവ വോട്ടർമാരെയും താഴെത്തട്ടിലുള്ള പ്രവർത്തകരെയും ഏകോപിപ്പിക്കാൻ വാൻസിന് വലിയ മുൻതൂക്കം ലഭിക്കും.
2025 സെപ്റ്റംബർ 10-ന് യൂറ്റാ വാലി സർവകലാശാലയിൽ നടന്ന ചടങ്ങിൽ വെച്ചാണ് ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മരണശേഷം സംഘടനയുടെ നേതൃത്വം ഏറ്റെടുത്ത എറിക്കയുടെ കീഴിൽ നടക്കുന്ന ആദ്യത്തെ പ്രധാന സമ്മേളനമാണിത്. ചാർളി കിർക്കിന്റെ ദർശനങ്ങൾ നടപ്പിലാക്കാൻ താൻ പ്രതിജ്ഞാബദ്ധമാണെന്ന് അവർ ആവർത്തിച്ചു.















