
വാഷിംഗ്ടൺ: അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാറിന്‍റെ ഭാഗമായി യൂറോപ്യൻ യൂണിയൻ (ഇയു) തങ്ങളുടെ എല്ലാ താരിഫുകളും പൂജ്യമായി കുറയ്ക്കാൻ സമ്മതിച്ചതായി വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സാമ്പത്തിക നയങ്ങളുടെ മികച്ച നേട്ടമാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
“യൂറോപ്പ് അവരുടെ എല്ലാ താരിഫുകളും പൂജ്യമാക്കി കുറയ്ക്കുന്നു. അതേസമയം, വ്യാപാരക്കമ്മി കുറയ്ക്കുന്നതിനുള്ള ഞങ്ങളുടെ ആഗോള താരിഫ് 15 ശതമാനമായി തുടരും,” നവാരോ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ പങ്കാളികളുമായി ന്യായമായ വ്യാപാരത്തിനായി വാഷിംഗ്ടൺ നടത്തുന്ന ശ്രമങ്ങളിലെ ഒരു നാഴികക്കല്ലാണ് ഈ കരാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ കരാർ അറ്റ്‌ലാന്‍റിക് മേഖലയിലെ സാമ്പത്തിക ബന്ധങ്ങളെ പുനർരൂപപ്പെടുത്തുമെന്ന് നവാരോ വ്യക്തമാക്കി. കരാറനുസരിച്ച്, അമേരിക്കൻ കാറുകൾക്ക് നിലവിലുള്ള 25 ശതമാനം താരിഫ് 15 ശതമാനമായി കുറയും. ഇത് ട്രംപ് അധികാരത്തിൽ വരുന്നതിന് മുൻപ് ഉണ്ടായിരുന്ന 2.5 ശതമാനം നിരക്കിനേക്കാൾ കൂടുതലാണെങ്കിലും ഒരു വലിയ വിജയമായാണ് നവാരോ ഇതിനെ കാണുന്നത്. ട്രംപ് അധികാരത്തിൽ വരുന്നതിന് മുൻപ് താരിഫ് 2.5 ശതമാനമായിരുന്നു. അതേസമയം യൂറോപ്പിൽ 10 ശതമാനവും. അതിനാൽ ഇത് ഒരു വലിയ വിജയമാണെന്നും നവാരോ പറഞ്ഞു.
കൂടാതെ, സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്കുള്ള യുഎസ് താരിഫുകൾക്ക് ഇളവുകൾ അനുവദിക്കില്ലെന്നും, യൂറോപ്പിൽ നിന്ന് പുതിയ പ്രധാന നിക്ഷേപങ്ങൾ ഉറപ്പാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. കരാറിന്‍റെ ഭാഗമായി 750 ബില്യൺ ഡോളറിന്‍റെ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) വാങ്ങാനും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുന്നതിനായി തന്ത്രപ്രധാനമായ യുഎസ് മേഖലകളിൽ 600 ബില്യൺ ഡോളർ നിക്ഷേപിക്കാനും നാറ്റോയിലൂടെ പ്രതിരോധ സഹകരണം വിപുലപ്പെടുത്താനും യൂറോപ്യൻ യൂണിയൻ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.










