
പാരീസ്: ഡോണൾഡ് ട്രംപിന്‍റെ താരിഫ് ഭീഷണികൾക്ക് ബഹുമാനത്തിലധിഷ്ഠിതമായ വ്യാപാരക്കരാർ വേണമെന്ന് മറുപടി നൽകി യൂറോപ്യൻ യൂണിയൻ. 27 അംഗ രാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയൻ ഭീഷണികളില്ലാതെ, ബഹുമാനത്തിൽ അധിഷ്ഠിതമായ ഒരു വ്യാപാരക്കരാർ അമേരിക്കയുമായി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന്
യൂറോപ്യൻ യൂണിയന്‍റെ വ്യാപാരമേധാവി വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ നിന്ന് അമേരിക്കയിലേക്ക് അയക്കുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 50 ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഈ മറുപടി.
അമേരിക്കൻ വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീൻ, വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു യൂറോപ്യൻ യൂണിയൻ വ്യാപാര കമ്മീഷണർ മാരോസ് സെഫ്കോവിച്ച്. ഇരുപക്ഷത്തിനും പ്രയോജനകരമായ ഒരു കരാർ ഉറപ്പാക്കാൻ യൂറോപ്യൻ യൂണിയൻ പൂർണ്ണമായി പ്രതിജ്ഞാബദ്ധമാണ്. യൂറോപ്യൻ യൂണിയൻ-അമേരിക്ക വ്യാപാരം സമാനതകളില്ലാത്തതാണ്. അത് ഭീഷണികളിലല്ല, പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.










