
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ 30 ശതമാനം തീരുവ ഈടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറു ഭീഷണിയുമായി യൂറോപ്യന്‍ കമ്മിഷന്‍. യുഎസുമായുള്ള വ്യാപാരചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറക്കുമതിത്തീരുവ ചുമത്തേണ്ട സാധനങ്ങളുടെ പട്ടിക തയ്യാറാക്കി യൂറോപ്യന്‍ കമ്മിഷന്‍. പട്ടികയില്‍ ബോയിങ് വിമാനംമുതല്‍ ബര്‍ബണ്‍ വിസ്‌കിവരെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
7200 കോടി യൂറോവരുന്ന (7.2 ലക്ഷംകോടി രൂപ) യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവ ചുമത്തുന്നതിനാണ് ഒരുങ്ങുന്നത്. ബോയിങ് വിമാനംമുതല്‍ ബര്‍ബണ്‍ വിസ്‌കിവരെ ഈ പട്ടികയിലുണ്ട്. 27 അംഗരാജ്യങ്ങള്‍ക്ക് ഇതു സംബന്ധിച്ച് കത്തയച്ചിട്ടുണ്ട്. പട്ടികയിലുള്ള ഉത്പന്നങ്ങള്‍ക്ക് തീരുവചുമത്താന്‍ അംഗരാജ്യങ്ങള്‍ അനുമതിനല്‍കിയാലേ ഇവയുടെ തീരുവ നിശ്ചയിക്കൂ. പഴങ്ങള്‍, പച്ചക്കറികള്‍, രാസവസ്തുക്കള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വിവിധതരം മദ്യങ്ങള്‍ എന്നിവയെല്ലാം പട്ടികയിലുണ്ട്. തീരുവയുദ്ധം ഒഴിവാക്കാന്‍ ഓഗസ്റ്റ് ഒന്നിനുള്ളില്‍ യുഎസുമായി വ്യാപാരക്കരാറുണ്ടാക്കാനുള്ള ചര്‍ച്ചകളിലാണ് യൂറോപ്യന്‍ യൂണിയന്‍.