
വാഷിംഗ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം പരിഹരിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യാൻ യൂറോപ്യൻ നേതാക്കൾ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി അമേരിക്ക സന്ദർശിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ന്യൂയോർക്ക് സിറ്റിയിൽ നടന്ന യു.എസ്. ഓപ്പൺ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി താൻ ഉടൻ സംസാരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. നേരത്തെ, റഷ്യൻ വ്യോമാക്രമണങ്ങൾ വർധിച്ചതിനെത്തുടർന്ന് യുക്രെയ്ൻ പ്രതിനിധി കീത്ത് കെല്ലോഗ് റഷ്യയുടെ നീക്കങ്ങൾ സമാധാനം ആഗ്രഹിക്കുന്നതിന്റെ സൂചനയല്ലെന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് യൂറോപ്യൻ നേതാക്കളുമായുള്ള കൂടിക്കാഴ്ച. ഇത് യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്കുള്ള സാധ്യതകൾ വർദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്.