
വാഷിംഗ്ടൺ: രാജ്യത്ത് മുട്ടവില കുതിച്ചുയരുന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത ട്രംപ് മുട്ടവിലയെ കുറിച്ചും ഇന്ന് പരാമര്‍ശിച്ചിരുന്നു. വില നിയന്ത്രാണാതീതമാണെന്നും കുറയ്ക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നുമാണ് ട്രംപ് പറഞ്ഞത്. മുട്ട വില കൂടാന്‍ കാരണം മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനങ്ങളാണെന്നും അന്നത്തെ അഗ്രികള്‍ച്ചര്‍ ഡിപാര്‍ട്‌മെന്റ് പത്ത് കോടിയിലധികം കോഴികളെ കൊല്ലാന്‍ ഉത്തരവിട്ടുവെന്നും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തിയിരുന്നു. ഇതോടെയാണ് മുട്ടയുടെ വിതരണം നിലച്ചതെന്നായിരുന്നു ആരോപണം.
യഥാര്‍ഥത്തില്‍ പക്ഷിപ്പനി മൂലമാണ് മുട്ടയുടെ വില കുതിച്ചുയര്‍ന്നത്. ഇപ്പോൾ അമേരിക്കയില്‍ ഒരു ഡസന്‍ മുട്ടയ്ക്ക് 4.95 ഡോളറാണ് വില. ഏകദേശം 430 രൂപ. ഒരു മുട്ടയ്ക്ക് ശരാശരി 36 രൂപയോളം നൽകേണ്ടി വരും. 2015-ല്‍ പക്ഷിപ്പനി ഉണ്ടായിരുന്നപ്പോഴും മുട്ടയുടെ വില വർധിച്ചിരുന്നു. അന്ന് ഇത്ര കൂടിയിരുന്നില്ല. കഴിഞ്ഞ ജനുവരിയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ മൊത്തം വര്‍ധനവിന്റെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും ഇതാണെന്ന് യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നു.










