
ഒന്റാറിയോ: കാനഡയിലെ ഒരു ആമസോൺ വെയർഹൗസിൽ നടന്ന ക്രിസ്മസ് ആഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് വൻതോതിലുള്ള വംശീയ അധിക്ഷേപങ്ങൾ ഉയരുന്നു. ഓഫീസിലെ ജീവനക്കാരിൽ ഭൂരിഭാഗവും ഇന്ത്യൻ അല്ലെങ്കിൽ ദക്ഷിണേഷ്യൻ വംശജരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഓൺലൈൻ ഇടങ്ങളിൽ വിദ്വേഷ പ്രചാരണം നടക്കുന്നത്. ആമസോൺ വെയർഹൗസിലെ കഫറ്റീരിയയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന ജീവനക്കാരുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സാന്താക്ലോസ് വേഷധാരിയായ ഒരാൾ പശ്ചാത്തലത്തിൽ നടന്നുപോകുന്നതും ജീവനക്കാർ പരസ്പരം സംസാരിക്കുന്നതും കാണാം.
“കാനഡയിലെ ആമസോൺ ക്രിസ്മസ് പാർട്ടി വീഡിയോ പുറത്ത്. എല്ലാവരും ഇന്ത്യക്കാരാണ്. ഓരോ വ്യക്തിയും. ഇത് എങ്ങനെ സംഭവിക്കുന്നു?” എന്ന അടിക്കുറിപ്പോടെ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. മൾട്ടിനാഷണൽ കമ്പനികളിലെ സാധാരണ ആഘോഷമായിരുന്നിട്ടും, പോസ്റ്റിന് താഴെ വംശീയ ചുവയുള്ള നിരവധി കമന്റുകൾ വന്നു. കാനഡയിലെ പ്രാദേശിക ഉദ്യോഗാർത്ഥികളെ ഒഴിവാക്കി ഇന്ത്യൻ വംശജരെ മാത്രം നിയമിക്കുന്നുവെന്നും, ‘ഡെമോഗ്രാഫിക് റീപ്ലേസ്‌മെന്റ്’ (ജനസംഖ്യാപരമായ മാറ്റം) നടക്കുന്നുവെന്നുമാണ് പ്രധാന ആരോപണങ്ങൾ.
വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ചില ഉപയോക്താക്കൾ പ്രതികരണവുമായി രംഗത്തെത്തി. ആമസോൺ റിക്രൂട്ടിംഗ് ഓഫീസിൽ ജോലി ചെയ്തിരുന്ന ഒരാൾ അഭിപ്രായപ്പെട്ടത്, വെയർഹൗസ് ജോലികൾക്കായി അപേക്ഷിക്കുന്നവരിൽ ഭൂരിഭാഗവും വിദേശ തൊഴിലാളികളാണെന്നും പ്രാദേശികമായ അപേക്ഷകൾ വളരെ കുറവാണെന്നുമാണ്.
കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികളെ വംശീയമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് പലരും ചൂണ്ടിക്കാട്ടി.
കാനഡയിൽ സമീപകാലത്തായി ഇന്ത്യൻ വംശജരായ തൊഴിലാളികൾക്കെതിരെ വർദ്ധിച്ചുവരുന്ന വിദ്വേഷത്തിന് ഉദാഹരണമാണ് ഈ സംഭവം. മെക് ഡൊണാൾഡ്‌സ് അടക്കമുള്ള മറ്റ് സ്ഥാപനങ്ങളിലും ഇന്ത്യൻ തൊഴിലാളികൾക്ക് നേരെ സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.














