
ഹൂസ്‌റ്റൺ: ആരോപണങ്ങൾക്ക് കരുത്തേകാൻ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വരുന്നു. 1993ൽ ഡോണൾഡ് ട്രംപും മാർല മാപ്പിൾസും തമ്മിലുള്ള വിവാഹത്തിൽ ജെഫ്രി എപ്സ്റ്റീൻ പങ്കെടുത്ത എക്സ‌്ക്ലൂസീവ് ഫോട്ടോകളാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
1999ൽ വിക്ടോറിയ സീക്രട്ട് ഫാഷൻ ഇവൻ്റിൽ ട്രംപും എപ്സ‌്‌റ്റീനും സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ലൈംഗിക കുറ്റവാളിയെന്ന് വിധിക്കപ്പെട്ട എപ്സ്‌റ്റീന്റെ 50-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ സുഹൃത്ത് എഴുതിയ കത്ത് ഉദ്ധരിച്ചുള്ള ഒരു റിപ്പോർട്ടിനെത്തുടർന്ന്, ട്രംപും എപ്സ്‌റ്റീനും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലുള്ളതാണെന്ന വാദങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള തെളിവുകൾ.
1993ൽ ട്രംപിന്റെ മാർല മാപ്പിൾസുമായുള്ള വിവാഹത്തിൽ എപ്സീൻ പങ്കെടുത്തത് അധികം ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഈ വാർത്തയെ ‘വ്യാജ വാർത്ത’ എന്ന് വിശേഷിപ്പിച്ച് ഡോണൾഡ് ട്രംപ് തള്ളിക്കളഞ്ഞു. ട്രംപും ജെഫ്രി എപ്സ്‌റ്റീനും തമ്മിൽ മുൻകാല ബന്ധമുണ്ടായിരുന്നെങ്കിലും, 2004ഓടെ, ഫ്ലോറിഡയിലെ തന്റെ വസതിയായ മാർ -എ-ലാഗോയിൽ നിന്ന് ട്രംപ് ജെഫ്രി എപ്സ്റ്റീനെ വിലക്കിയതായി പറയുന്നു. കോടതി രേഖകളെ അടിസ്ഥാനമാക്കിയാണ് ഈ അവകാശവാദം.
എപ്സീൻ അന്വേഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരസ്യമാക്കില്ലെന്ന് ജൂലൈ ആറിന് യുഎസ് നീതിന്യായ വകുപ്പ് ഒരു മെമ്മോ പുറത്തിറക്കിയതിനെത്തുടർന്ന് ജെഫ്രി എപ്സ്‌റ്റീൻ കേസ് വീണ്ടും ആഗോള തലത്തിൽ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. അതേസമയം, ട്രംപ് ഭരണകൂടം, പ്രത്യേകിച്ച് അറ്റോർണി ജനറൽ പാം ബോണ്ടി, ഫയലുകൾ കൈകാര്യം ചെയ്തത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.