
ന്യൂയോർക്ക്: ദുർമന്ത്രവാദം ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് വയോധികയിൽ നിന്ന് ലക്ഷക്കണക്കിന് ഡോളർ തട്ടിയെടുത്ത കേസിൽ ഇന്ത്യൻ വംശജൻ യുഎസില്‍ അറസ്റ്റിൽ. 33 വയസ്സുകാരനായ ജോത്സ്യൻ ന്യൂയോർക്കിലെ ഹിക്ക്‌സ്‌വില്ലിലാണ് പിടിയിലായത്. തട്ടിപ്പിന് ഇരയായ വയോധികയെ ദുരാത്മാക്കൾ വേട്ടയാടുന്നുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയെടുത്തതെന്ന് യുഎസ് അധികൃതർ അറിയിച്ചു.
ക്വീൻസിൽ നിന്നുള്ള ഹേമന്ത് കുമാർ മുനെപ്പ എന്ന 33കാരനെ, ബാങ്ക് ജീവനക്കാർ തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടർന്ന് ബാങ്കിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിനോടകം 20,000 ഡോളർ (ഏകദേശം 16.7 ലക്ഷം രൂപ) നഷ്ടപ്പെട്ട വയോധിക, മാനസിക സേവനങ്ങൾക്കായി 42,000 ഡോളർ (ഏകദേശം 35 ലക്ഷം രൂപ) കൂടി പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. സൗത്ത് ബ്രോഡ്‌വേയിൽ സ്ഥിതി ചെയ്യുന്ന അഞ്ജന ജി എന്ന പേരിൽ ജ്യോതിഷവും “ദുരാത്മാക്കളെ നീക്കം ചെയ്യലും”, “ലവ് സ്പെൽ കാസ്റ്റർ” സേവനങ്ങളും നൽകുന്ന ഒരു സ്ഥാപനത്തിലാണ് മുനെപ്പ പ്രവർത്തിച്ചിരുന്നത്.
അഞ്ജന ജിയിൽ ജോത്സ്യനായി ചമഞ്ഞ്, ദുരാത്മാക്കളോട് പോരാടാനുള്ള ശക്തി വാങ്ങാമെന്ന് വാഗ്ദാനം ചെയ്താണ് മുനെപ്പ വയോധികയെ കബളിപ്പിച്ചതെന്ന് ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ടിൽ പറയുന്നു. 68 വയസ്സുകാരിയായ വയോധിക കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുനെപ്പയുടെ ആദ്യത്തെ സേവനം തേടിയിരുന്നു. തുടർന്ന് കൂടുതൽ സേവനങ്ങൾക്കായി വീണ്ടും അഞ്ജന ജിയിൽ എത്തുകയായിരുന്നു. അവിടെവെച്ച് മുനെപ്പ 42,000 ഡോളർ കൂടി ആവശ്യപ്പെടുകയും പണം പിൻവലിക്കുന്നതിനായി സമീപത്തുള്ള ബാങ്കിലേക്ക് അവരെ കൊണ്ടുപോവുകയുമായിരുന്നു. ബാങ്ക് ജീവനക്കാർക്ക് തട്ടിപ്പ് സംശയം തോന്നിയതോടെ മുനെപ്പയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.