
കേപ്ടൗൺ: ഡോണൾഡ് ട്രംപ് ഭരണകൂടം അമേരിക്കയിൽ നിന്ന് പുറത്താക്കുകയും പേഴ്സണ നോൺ ഗ്രേറ്റയായി പ്രഖ്യാപിക്കുകയും ചെയ്ത ദക്ഷിണാഫ്രിക്കൻ അംബാസഡർക്ക് നാട്ടിൽ തിരിച്ചെത്തിയപ്പോൾ ലഭിച്ചത് വീരോചിതമായ സ്വീകരണം. വിമാനത്താവളത്തിൽ നൂറുകണക്കിന് പേര്‍ ഒത്തുകൂടുകയും അദ്ദേഹത്തിനായി മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. കേപ് ടൗൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇബ്രാഹിം റസൂലിനെയും ഭാര്യ റോസീദയെയും ജനക്കൂട്ടം ഏറ്റെടുക്കുകയായിരുന്നു.
“പേഴ്സണ നോൺ ഗ്രേറ്റയായി പ്രഖ്യാപിക്കുന്നത് നിങ്ങളെ അപമാനിക്കാനാണ്. എന്നാൽ ഇതുപോലുള്ള ജനക്കൂട്ടത്തിലേക്ക് മടങ്ങുമ്പോൾ, ഇത്രയധികം സ്നേഹത്തോടെ സ്വീകരിക്കുമ്പോൾ, എന്റെ പേഴ്സണ നോൺ ഗ്രേറ്റയെ ഞാൻ അന്തസ്സിന്റെ ബാഡ്ജായി ധരിക്കും. – ” റസൂൽ മെഗാഫോണിലൂടെ പറഞ്ഞു. ഇബ്രാഹിം റസൂൽ രാജ്യത്തെയും പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും വെറുക്കുന്നുവെന്നാണ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ ആരോപണം.
“ദക്ഷിണാഫ്രിക്കയുടെ അമേരിക്കൻ അംബാസഡറിനെ നമ്മുടെ മഹത്തായ രാജ്യത്തേക്ക് ഇനി സ്വാഗതം ചെയ്യുന്നില്ല,” മാർക്കോ റൂബിയോ എക്‌സിൽ പോസ്റ്റ് ചെയ്തു. അമേരിക്കയെയും ഡോണൾഡ് ട്രംപിനെയും വെറുക്കുന്ന, വംശീയവാദിയായ രാഷ്ട്രീയക്കാരനെന്നാണ് മാർക്കോ റൂബിയോ ഇബ്രാഹിം റസൂലിനെ വിശേഷിപ്പിച്ചത്. തങ്ങൾക്ക് അദ്ദേഹവുമായി ചർച്ച ചെയ്യാൻ ഒന്നുമില്ലെന്നും അതിനാൽ ഇബ്രാഹിം റസൂലിനെ നോൺ ഗ്രാറ്റയായി (മാതൃരാജ്യത്തേക്ക് തിരിച്ചുവിളിക്കേണ്ട വ്യക്തി) കണക്കാക്കുന്നെന്നും റൂബിയോ എക്സിൽ കുറിച്ചു.