
വാഷിംഗ്ടൺ: ട്രംപ് ഭരണകൂടം നടത്തുന്ന അനാവശ്യ പണം ചെലവഴിക്കലിനെതിരെ കടുത്ത വിമർശനവുമായി യുഎസ് സെനറ്റർമാർ. ഗ്വാണ്ടാനോമോയിലെ മിലിറ്ററി ബേസിൽ നാനൂറോളം വരുന്ന കുടിയേറ്റക്കാരെ പാർപ്പിക്കാൻ ഒരു മാസത്തേക്ക് മാത്രം 40 മില്യൺ ചെലവാക്കിയതിലാണ് വലിയ വിമര്‍ശനം ഉയരുന്നത്. കുടിയേറ്റ നിയമ ലംഘനവും സൈനിക സ്രോതസ്സുകളുടെ ദുരുപയോഗവുമാണ് ട്രംപ് ഭരണകൂടം നടത്തിയിട്ടുള്ളതെന്ന ഗുരുതര ആരോപണമാണ് സെനറ്റര്‍മാർ ഉയര്‍ത്തുന്നത്.
ഗ്വാണ്ടാന മിലിറ്ററി ബേസ് ക്യാമ്പ് സന്ദർശിച്ച സെനറ്റർമാർ അൽഖ്വയ്ദ തീവ്രവാദികളെ പാർപ്പിക്കാൻ ഉപയോഗിച്ചിരുന്ന സാകര്യങ്ങളിൽ 85 ഓളം കുടിയേറ്റക്കാരെ മാത്രമേ പാർപ്പിച്ചിട്ടുള്ളൂ എന്നും കണ്ടെത്തി. ഏകദേശം 1000 സർക്കാർ ഉദ്യോഗസ്ഥരെയാണ് യുഎസ് അഡ്മിനിസ്ട്രേഷൻ ഈ ദൗത്യത്തിനായി നിയോഗിച്ചിരുന്നത്.
സൈനിക ട്രൂപ്പുകളെ അവരുടെ പ്രഥമ പ്രവർത്തന ലക്ഷ്യത്തിൽ നിന്ന് വഴിതിരിച്ചു വിടുന്നത് ശരിയല്ലെന്ന് സെനറ്ററായ റീഡ് പറഞ്ഞു. 40 മില്യൻ ഡോളർ അനാവശ്യ ചെലവാണെന്നാണ് അദ്ദേഹം ന്യൂയോർക്ക് ടൈംസിനോട് പ്രതികരിച്ചത്. മാർച്ച് മധ്യത്തോടെ കുടിയേറ്റ ഓപ്പറേഷന്റെ ചെലവ് 39.3 മില്യൻ ഡോളർ ആയിരുന്നു. ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ട് വളരെ ചെലവേറിയ രാജ്യമാണ് ഗ്വാണ്ടനോമോ. വെള്ളം, ഊർജം, തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും ആശ്രയിക്കുന്നത് ഫ്ലോറിഡയിൽ നിന്നുള്ള ഇറക്കുമതിയെ ആണ്.