ഫ്ലോറിഡയിൽ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് ദന്തചികിത്സ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ, പല രോഗികളുടെയും വെനീറുകൾ യോജിപ്പിച്ചിരുന്നത് സൂപ്പര്‍ ഗ്ലൂ പോലുള്ള പശകൾ ഉപയോഗിച്ച്

ഫ്ലോറിഡ: ഫ്ലോറിഡയിൽ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് ദന്തചികിത്സ നടത്തിയ വ്യാജ ഡോക്ടർ എമിലി മാർട്ടിനെസ് (35) അറസ്റ്റിൽ. ബജറ്റിന് താങ്ങാവുന്ന വിലയില്‍ പുഞ്ചിരി സ്വന്തമാക്കൂ’ എന്ന പരസ്യ വാചകങ്ങളിലൂടെ കുറഞ്ഞ നിരക്കില്‍ മനോഹരമായ പുഞ്ചിരി സ്വന്തമാക്കാമെന്ന് പരസ്യം ചെയ്താണ് രോഗികളെ എമിലി തൻ്റെ അടുത്തേക്ക് ആളുകളെ ആകർഷിച്ചത്. വെനീർ ടെക്നീഷ്യൻ എന്ന് സ്വയം പരിചയപ്പെടുത്തിയ എമിലി സൂപ്പര്‍ ഗ്ലൂ പോലുള്ള പശകൾ ഉപയോഗിച്ചായിരുന്നു പല രോഗികളുടെയും വെനീറുകൾ യോജിപ്പിച്ചിരുന്നത്.

കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭിക്കുമെന്ന പരസ്യത്തില്‍ വിശ്വസിച്ച് എമിലിയുടെ ക്ലിനിക്കിൽ ചികിത്സ നടത്തിയവര്‍ക്ക് പല്ലുകളില്‍ അണുബാധയും വേദനയും കൂടുകയും പലര്‍ക്കും മോണകൾ വീര്‍ക്കുകയും ചെയ്തു. പിന്നീട്, അഹസനീയമായ വേദനയോടെ പലരും ലൈസന്‍സുള്ള മറ്റു ദന്തഡോക്ടർമാരെ സമീപിച്ചതോടെയാണ് വഞ്ചിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത്. പൊട്ടിയ ഒരു പല്ലിനു മാത്രം വെനീര്‍ ചെയ്യാനായി 900 ഡോളർ മുതല്‍ 1,500 ഡോളര്‍ വരെ അംഗീകൃത ഡോക്ടര്‍മാർ ഈടാക്കുമ്പോൾ, എല്ലാ പല്ലുകളും വെനീർ ചെയ്യാൻ വെറും 2,500 ഡോളര്‍ മാത്രമായിരുന്നു എമിലി ആവശ്യപ്പെട്ടിരുന്നത്.

ദന്തചികിത്സയ്ക്കായി എത്തിയ രോഗികളുടെ പൊട്ടിയ പല്ലുകൾ സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് അടച്ചതായുള്ള പരാതികൾ ഉയർന്നതിനെ തുടർന്നാണ് പൊലീസ് ഇവർക്കെതിരെ അന്വേഷണം നടത്തിയത്. ഫ്ലോറിഡയിലെ പിനെല്ലസ് പാർക്ക് പൊലീസ് നടത്തിയ അന്വേഷണത്തില്‍ എമിലിക്ക് അംഗീകൃത ദന്തചികിത്സാ പരിശീലനമോ ദന്തചികിത്സാ യോഗ്യതകളോ ഇല്ലെന്ന് കണ്ടെത്തി. മറ്റൊരു സംസ്ഥാനത്ത് വച്ച് ഇവർ സമാനമായ കുറ്റകൃത്യം നടത്തിയതിന് ഇക്കഴിഞ്ഞ മാര്‍ച്ചിൽ അറസ്റ്റിലായ എമിലി അവിടുന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെയാണ് പിനെല്ലസ് കൗണ്ടിയിൽ എത്തി വ്യാജ ചികിത്സ ആരംഭിച്ചതെന്ന് പൊലീസ് കണ്ടെത്തി.

More Stories from this section

family-dental
witywide