ഫെന്‍റനൈൽ കലർന്ന വ്യാജ മരുന്നുകൾ വിറ്റു; ഇന്ത്യൻ പൗരന്മാർക്ക് ഉപരോധനവുമായി യു എസ്, ഇവരുടെ എല്ലാ ആസ്തികളും മരവിപ്പിക്കും

അമേരിക്കയിൽ ഫെന്‍റനൈൽ കലർന്ന വ്യാജ മരുന്നുകൾ വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ പൗരന്മാർക്ക് ഉപരോധം ഏർപ്പെടുത്തിയതായി യുഎസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രഷറി അറിയിച്ചു. സാദിഖ് അബ്ബാസ് ഹബീബ് സയ്യിദ്, ഖിസർ മുഹമ്മദ് ഇഖ്ബാൽ ഷെയ്ഖ് എന്നീ രണ്ട് ഇന്ത്യൻ പൗരന്മാർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ ഫാർമസിയെയും അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.

ഇവർക്ക് ചുമത്തിയ ഉപരോധങ്ങൾ പ്രകാരം, സയ്യിദിന്‍റെയും ഷെയ്ഖിന്‍റെയും യുഎസിലുള്ളതോ അല്ലെങ്കിൽ അമേരിക്കൻ സ്ഥാപനങ്ങൾ വഴി കൈവശം വെച്ചിട്ടുള്ളതോ ആയ എല്ലാ ആസ്തികളും മരവിപ്പിക്കും. അമേരിക്കൻ പൗരന്മാർക്കും കമ്പനികൾക്കും ഇവരുമായി വ്യാപാരം, സേവനങ്ങൾ, പണമിടപാടുകൾ എന്നിവയുൾപ്പെടെയുള്ള ഇടപാടുകളിൽ ഏർപ്പെടുന്നതിനും വിലക്കുണ്ട്. ഉപരോധം നേരിടുന്നവരുടെ പേരിൽ പണം കൈമാറുകയോ സാധനങ്ങൾ നൽകുകയോ ചെയ്യുന്നത് പോലെയുള്ള പ്രവർത്തനങ്ങൾ നടത്തുന്ന യുഎസിന് പുറത്തുള്ള സ്ഥാപനങ്ങൾക്കും ശിക്ഷാ നടപടികൾ നേരിടേണ്ടി വന്നേക്കാം.

ന്യൂയോർക്കിലെ ഫെഡറൽ ഗ്രാൻഡ് ജൂറി 2024 സെപ്റ്റംബർ മുതൽ ഖിസർ മുഹമ്മദിനെതിരെ മയക്കുമരുന്ന് കടത്ത് ആരോപണങ്ങളിൽ കുറ്റം ചുമത്തിയെങ്കിലും, ഇയാൾ ഈ പ്രവർത്തനങ്ങൾ തുടർന്നു കൊണ്ടിരുന്നതായാണ് യുഎസ് അധികൃതർ ആരോപിക്കുന്നത്. കെ എസ് ഫാർമേഴ്സ്ഫെന്‍റനൈൽ, അതിനോട് സാമ്യമുള്ള മറ്റ് രാസവസ്തുക്കൾ, മെത്താംഫെറ്റാമൈൻ എന്നിവ കലർത്തിയ വ്യാജ ഗുളികകൾ വൻതോതിൽ വിതരണം ചെയ്യുന്നതിനായി ഇവർ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെയും അമേരിക്കയിലെയും ലഹരിക്കടത്തുകാരുമായി ചേർന്ന് പ്രവർത്തിച്ചുവെന്നാണ് യുഎസ് അധികൃതർ പറയുന്നത്.

ഖിസർ മുഹമ്മദ് ഇഖ്ബാൽ ഷെയ്ഖിൻ്റെ ഉടമസ്ഥതയിലുള്ള കെഎസ് ഇന്‍റർനാഷണൽ ട്രേഡേഴ്സാണ് (കെ എസ് ഫാർമേഴ്സ് ) ഈനിയമവിരുദ്ധ മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രമായി പ്രവർത്തിച്ചിരുന്നതെന്നാണ് യുഎസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രഷറി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഖിസർ മുഹമ്മദിനൊപ്പം സാദിഖ് അബ്ബാസ് ഹിബാബ് സയ്യദ് എന്നയാളും ചേര്‍ന്നാണ് കുറ്റകൃത്യം നടത്തിയതെന്നും പൊലീസ് പറയുന്നു.

More Stories from this section

family-dental
witywide