
മാർട്ടിൻ വിലങ്ങോലിൽ
ഡാളസ്: ഡാളസിലെ ലൂയിസ്‌വില്ലിലുള്ള സിനിമാർക് കോംപ്ലക്സ് ഒരു കൊച്ചു കേരളക്കരയാക്കിയാണ് എമ്പുരാൻ റീലിസ് ചെയ്തത്. അമേരിക്കയിൽ ഒരു ഇന്ത്യൻ സിനിമക്ക് ഒരു ഗംഭീര വരവേൽപ്പ് ലഭിക്കുന്നത് ഇതാദ്യം. യൂത്ത് ഓഫ് ഡാളസിന്റെ നേതൃത്തിലായിരുന്നു ഇവിടെ ഫാൻസ് ഷോക്കു നേതൃത്വം നൽകിയത്.

ലൂയിസ്‌വിൽ സിനിമാർക് തീയറ്റർ കോംപ്ലെക്സിലെ 14 തീയറ്ററുകളിൽ 13 തീയറ്ററുകളിലും ഒന്നിച്ചാണ് റിലീസ് ദിനത്തിൽ എമ്പുരാന്റെ ആദ്യ ഷോകളുടെ പ്രദർശനം നടന്നത്. പ്രീ ബുക്കിങിന്റെ ആദ്യ ദിനത്തിൽ തന്നെ നാല് തിയേറ്ററുകളിലെ ടിക്കറ്റുകൾ മൊത്തമായി ഫാൻസ് വാങ്ങിയിരുന്നു.

കേരളത്തിലെ മെഗാസൂപ്പർ ഹിറ്റു പടങ്ങളുടെ നേർക്കാഴ്ചയെന്നോണം തീയറ്റർ പരിസരം ചെണ്ടമേളവും ആരവങ്ങളുമായി ഉത്സവപ്രതീതിയിലാണ്ടു. ലാലേട്ടൻ ഫാൻസിന്റെ ‘തനിഷോ’ യാണ് പിന്നീട് തീയറ്റർ കോംപ്ലക്സിൽ അരങ്ങേറിയത്.

വിവിധ മലയാളി കൂട്ടായ്മകളുടെ നൃത്ത പരിപാടികളും, ഗാനമേളയും, യൂണിവേഴ്‌സിറ്റി ഓഫ് ഡാളസ് മലയാളി വിദ്യാർഥി കൂട്ടായ്‌മയുടെ ഫ്ലാഷ് മോബ് തുടങ്ങി വിവിധ ആഘോഷങ്ങളുമായി തിയേറ്റർ കോംപ്ലക്സ് മുഴുവൻ ലാലേട്ടൻ ആരാധകരെ കൊണ്ട് നിറഞ്ഞു. ആട്ടം ഓഫ് ഡാളസ് ചെണ്ടമേളം ആരവങ്ങൾക്കു അകമ്പടിയേന്തി. എമ്പുരാൻ പ്രിന്റഡ് ടീഷർട്ടിണിഞ്ഞും കറുത്ത ഷർട്ടും കറുത്ത മുണ്ടും വേഷമണിഞ്ഞും ആയിരുന്നു യുവാക്കൾ ഫാൻഷോ ആഘോഷിക്കാൻ എത്തിയത്. തീയേറ്ററിൽ സ്‌ഥാപിച്ച മോഹൻലാൽ കട്ടൗട്ടിന് മുൻപിൽ ഫോട്ടോ എടുക്കുന്നതിനും തിരക്കായിരുന്നു.

കരോൾട്ടൻ സിറ്റി മേയർ സ്റ്റീവ് ബാബിക് , പ്രൊ ടെം മേയർ റിച്ചാർഡ് ഫ്ലെമിംഗ് എന്നിവരും പ്രത്യേക ക്ഷണം സ്വീകരിച്ചു ഫാൻസ് ഷോ ഉദ്ഘാടനത്തിനെത്തി. നിരവധി മലയാളി പ്രസ്‌ഥാനങ്ങളും ഫാൻഷ്ഷോ കൊഴുപ്പിക്കാനായി സ്പോൺസർമാരായി യൂത്ത് ഓഫ് ഡാളസിന്റെ പിന്തുണച്ചു. അമേരിക്കയുടെ ചരിത്രത്തിൽ ഇതാദ്യാമായിരുന്നു ഒരു മലയാള ചിത്രത്തിന് ഫാൻസ് ഷോ സംഘടിപ്പിച്ചു വരവേൽപ്പു നൽകുന്നത്.

യൂത്ത് ഓഫ് ഡാളസിന്റെ നേതൃത്വത്തിൽ മോഹൻലാൽ ഫാൻസ് ആണ് ആദ്യഷോ ആരാധകർക്കായി ഇത്രയേറെ തയ്യാറെടുപ്പുകളോട് ഒരുക്കിയത്. ജയ് മോഹൻ, ജിജി പി സ്കറിയ എന്നിവർക്കൊപ്പം, ബിജോയ് ബാബു, ടിന്റു ധൊരെ, ടോം ജോർജ്, തോമസ്കുട്ടി ഇടിക്കുള, ഫിലിപ്‌സൺ ജയിംസ്, ടിജോ ചങ്ങങ്കരി, ഷിനോദ് ചെറിയാൻ ,ജെയിംസ് ,ജോബിൻ, ലിജോ ,ടിജോ തോമസ്, ദീപക് ജോർജ്, കെവിൻ മാത്യു എന്നിവർ സംഘാടക കമ്മറ്റിയിൽ നിപ്രവർത്തിച്ചു.
ഫാൻസ് ഷോ വൻ വിജയമായിരുന്നു എന്ന് ജിജി സ്കറിയ പറഞ്ഞു. സ്പോൺസർമാർക്കും ആഘോഷങ്ങളിൽ സഹകരിച്ചവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.
Fans receives Empuran movie in US with much hype