
ന്യൂഡല്‍ഹി : ഇന്ത്യന്‍ കർഷകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായേക്കാവുന്ന ഒരു വ്യാപാരത്തിലും യുഎസുമായി ഏർപ്പെടരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഫാര്‍മേഴ്സ് മൂവ്മെന്റ്സ് (ഐസിസിഎഫ്എം). യുഎസ് വ്യാപാര കരാറില്‍ നിന്ന് കാര്‍ഷിക മേഖലയെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകള്‍ ഒഴിവാക്കണമെന്നും ഇത് അവഗണിച്ച് സര്‍ക്കാര്‍ മുന്നോട്ടുപോയാല്‍ പ്രതിഷേധം ശക്തമാക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ 11 സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയാണ് ഐസിസിഎഫ്എം. വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന് അയച്ച കത്തില്‍, ഒരു വ്യാപാര കരാറിന് കീഴില്‍ യുഎസ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ രഹിത പ്രവേശനം നല്‍കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഐസിസിഎഫ്എം മുന്നറിയിപ്പ് നല്‍കി.
”നമ്മുടെ കര്‍ഷകരെ ബാധിക്കുന്ന നിര്‍ണായക പ്രശ്നങ്ങള്‍ അവഗണിക്കുന്ന വ്യാപാര കരാറുകളുമായി ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍, ഞങ്ങളുടേതുപോലുള്ള പ്രസ്ഥാനങ്ങള്‍ അത്തരം കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാക്കാന്‍ നിര്‍ബന്ധിതരാകും. അതിനാല്‍, ആര്‍സിഇപി വ്യാപാര ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യയെ ബുദ്ധിപൂര്‍വ്വം പിന്മാറാന്‍ പ്രേരിപ്പിച്ച അതേ വികാരം ഈ സാഹചര്യത്തിലും നിലനില്‍ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” – കര്‍ഷക സംഘടന സര്‍ക്കാരിന് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
2018 മുതല്‍ ചൈന, മെക്‌സിക്കോ, കാനഡ എന്നിവയുമായി യുഎസ് ഒരു വ്യാപാര യുദ്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ഈ രാജ്യങ്ങളുടെ കാര്‍ഷിക കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.