ട്രംപും നെതന്യാഹുവും ദൈവത്തിന്‍റെ ശത്രുക്കൾ; ഫത്‍വ പുറപ്പെടുവിച്ച് ഇറാൻ പുരോഹിതൻ, ‘ഇവരെ താഴെയിറക്കാൻ മുസ്ലീങ്ങൾ ഒന്നിക്കണം’

ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെ ഇറാനിലെ ഉന്നത ഷിയാ പുരോഹിതൻ ‘ഫത്‌വ’ പുറപ്പെടുവിച്ചു. ഇരു നേതാക്കളെയും ‘ദൈവത്തിന്‍റെ ശത്രുക്കൾ’ എന്നാണ് ഫത്‍വയിൽ വിശേഷിപ്പിച്ചിട്ടുള്ളത്. ഇറാന്‍റെ പരമാധികാരത്തിന് ഭീഷണിയുയർത്തുന്ന അമേരിക്കൻ, ഇസ്രായേൽ നേതാക്കളെ താഴെയിറക്കാൻ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഒന്നിക്കണമെന്നും ഗ്രാൻഡ് അയത്തുള്ള നാസർ മകാരെം ഷിറാസി പുറപ്പെടുവിച്ച മതവിധിയിൽ പറയുന്നു.

നേതാവിനെയോ മർജയെയോ (മതപരമായ അധികാരി) ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയോ ഭരണകൂടമോ ‘മുഹറിബ്’ ആയി കണക്കാക്കപ്പെടുമെന്ന് മകാരെം ഷിറാസി വിധിയിൽ പറഞ്ഞുവെന്ന് മെഹർ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിയൻ നിയമമനുസരിച്ച് ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ഒരാളാണ് ‘മുഹറിബ്’. ഇങ്ങനെയുള്ളവരെ വധശിക്ഷ, കുരിശിലേറ്റൽ, അവയവങ്ങൾ ഛേദിക്കൽ, അല്ലെങ്കിൽ നാടുകടത്തൽ തുടങ്ങിയ ശിക്ഷകൾക്ക് വിധേയമാക്കാമെന്നാണ് പറയപ്പെടുന്നത്