
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് പുറത്തുണ്ടായ സ്‌ഫോടനം ഭീകരപ്രവര്‍ത്തനമെന്ന് വ്യക്തമാക്കി എഫ്ബിഐ. പാം സ്ട്രിങ് നഗരത്തിലെ ചികിത്സാ കേന്ദ്രത്തിന് സമീപത്തെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട വാഹനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥാപനത്തിലെ ആര്‍ക്കും പരിക്കില്ലെന്ന് ക്ലിനിക് അറിയിച്ചു. സ്ഫോടനം കെട്ടിടത്തെ ലക്ഷ്യമിട്ടതുപോലെയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ട പ്രതി 25 വയസ്സുള്ള ഗൈ എഡ്വേര്‍ഡ് ബാര്‍ട്ട്കസ് ആണെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ പാം സ്പ്രിംഗ്‌സില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ അകലെയുള്ള ട്വന്റിനൈന്‍ പാംസിലെ താമസക്കാരനാണെന്നും റിപ്പോര്‍ട്ടുണ്ട്. ജനസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിന് താന്‍ എതിരാണെന്നും ആക്രമിച്ച ക്ലിനിക്കിലെ ഐവിഎഫ് ചികിത്സയെ എതിര്‍ക്കുന്നുവെന്നും ഇയാള്‍ എഴുത്തുകളിലും റെക്കോര്‍ഡിംഗുകളിലും പറഞ്ഞിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച നടന്ന ഒരു ബ്രീഫിംഗില്‍ ഇതൊരു ആസൂത്രിത ആക്രമണമാണെന്ന് എഫ്ബിഐ വ്യക്തമാക്കിയിരുന്നു. ‘ഇത് മനഃപൂര്‍വമായ ഭീകരപ്രവര്‍ത്തനമായിരുന്നു. ഇത് അന്താരാഷ്ട്ര ഭീകരതയാണോ അതോ ആഭ്യന്തര ഭീകരതയാണോ എന്ന് ഞങ്ങള്‍ കണ്ടെത്തും’- എഫ്ബിഐയുടെ ലോസ് ഏഞ്ചല്‍സ് ഫീല്‍ഡ് ഓഫീസ് മേധാവി അകില്‍ ഡേവിസ് പറഞ്ഞു.
ഒരു വലിയ വാഹനത്തില്‍ കൊണ്ടുപോകാവുന്ന ഒരു ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുവിലൂടെയാണ് സ്‌ഫോടനം നടത്തിയിരിക്കുന്നത്. സ്‌ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു, ചിലതിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി പാം സ്പ്രിംഗ്‌സ് പൊലീസ് മേധാവി ആന്‍ഡി മില്‍സ് പറഞ്ഞു.