
വാഷിംഗ്ടൺ: വൈറ്റ് ഹൗസിന് പുറത്തുവച്ച് രണ്ട് യുഎസ് നാഷണൽ ഗാർഡ് സൈനികരെ വെടിവെച്ച് പരുക്കേൽപ്പിച്ച അഫ്ഗാൻ പൌരൻ പിടിയിലായതിനു പിന്നാലെ അഫ്ഗാൻ പൌരന്മാർക്കുനേരെ കൂടുതൽ നടപടികളുമായി യുഎസ്. യുഎസിലേക്കുള്ള കുടിയേറ്റത്തിനായി അഫ്ഗാൻ പൌരന്മാർ നൽകിയ കുടിയേറ്റ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് യുഎസ് താത്ക്കാലികമായി നിർത്തിവച്ചു.
അഫ്ഗാൻ പൗരന്മാരുമായി ബന്ധപ്പെട്ട എല്ലാ ഇമിഗ്രേഷൻ അഭ്യർത്ഥനകളും പ്രോസസ്സ് ചെയ്യുന്നത് അനിശ്ചിതമായി നിർത്തിവച്ചതായി യുഎസ് പൗരത്വ, ഇമിഗ്രേഷൻ സർവീസസ് സോഷ്യൽ മീഡിയയിൽ ബുധനാഴ്ച രാത്രി അറിയിച്ചു.
2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും അധികാരം പിടിച്ചെടുത്തതിനെ തുടർന്നാണ് ബൈഡൻ ഭരണകൂടം ‘ഓപ്പറേഷൻ അലീസ് വെൽക്കം എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കിയത്. ദുർബലരായ ചില അഫ്ഗാൻ പൗരന്മാർക്ക് രണ്ട് വർഷത്തെ പരോൾ ഗ്രാന്റിൽ അമേരിക്കയിൽ പ്രവേശിക്കാൻ ഇത് അനുവദിച്ചു. ഇന്നു നടന്ന വെടിവയ്പ്പു നടത്തിയ അഫ്ഗാൻ പൌരനും യുഎസിൽ എത്തിയത്. ഇതോടെ അഫ്ഗാൻ പൗരന്മാരെ കൂടുതൽ സുരക്ഷാ പരിശോധനകൾക്ക് വിധേയമാക്കുമെന്നും നാടുകടത്തൽ വേഗത്തിലാക്കുമെന്നും പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, വെടിവയ്പ്പിനെക്കുറിച്ചോ അഫ്ഗാൻ പൗരന്മാരുടെ ഇമിഗ്രേഷൻ അപേക്ഷകൾ താൽക്കാലികമായി നിർത്തിവച്ചതിനെക്കുറിച്ചോ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല. സമീപ മാസങ്ങളിൽ, അഫ്ഗാൻ പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് അമേരിക്കയുമായും മറ്റ് രാജ്യങ്ങളുമായും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് അഫ്ഗാൻ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
ഭീകരാക്രമണമെന്ന് എഫ്ബിഐ
രണ്ട് സൈനികരുടെയും നില ഗുരുതരമാണെന്ന് എഫ്ബിഐ ഡയറക്‌ടർ കാഷ് പട്ടേലും വാഷിങ്‌ടൺ മേയർ മുറിയൽ ബൗസറും സ്ഥിരീകരിച്ചു. വെടിയൊച്ച കേട്ടയുടനെ പ്രദേശത്തെ മറ്റ് സൈനികർ ഓടിയെത്തി വെടിയുതിർത്തയാളെ പിടികൂടിയതായി ഡിസി പൊലീസ് മേധാവി എക്‌സിക്യൂട്ടീവ് അസിസ്റ്റൻ്റ് ജെഫ്രി കരോൾ പറഞ്ഞു. ഇതൊരു ഭീകരാക്രമണമാണെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) വ്യക്തമാക്കി.
FBI calls shooting near White House a terrorist attack; US halts processing of Afghan citizens’ immigration applications.
















