
വാഷിംഗ്ടണ്‍ : ഇന്ത്യന്‍ വംശജനായ എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ ജോലിയില്‍ ശ്രദ്ധിക്കുന്നില്ലെന്ന് വിമര്‍ശനം. തന്റെ ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നതിനേക്കാള്‍ കൂടുതല്‍ സമയം നൈറ്റ്ക്ലബ്ബുകളിലാണ് അദ്ദേഹം ചെലവഴിക്കുന്നതെന്ന് മുന്‍ എഫ്ബിഐ ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.
ഹൂവര്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സമയം നൈറ്റ്ക്ലബ്ബുകളില്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കാഷ് പട്ടേലിന് ദിവസേനയുള്ള ബ്രീഫിംഗുകള്‍ ആഴ്ചയില്‍ രണ്ടുതവണയായി ചുരുക്കിയതായി റിപ്പോര്‍ട്ടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ അനുഭവപരിചയക്കുറവുകാരണം കാര്യങ്ങള്‍ നടത്താന്‍ കാഷ് പട്ടേല്‍ ശരിക്കും ബുദ്ധിമുട്ടുന്നുണ്ടെന്നും ഇത് കാര്യങ്ങള്‍ മോശമാക്കിയേക്കാമെന്നും, ഏജന്റുമാരെ തന്നിഷ്ടത്തില്‍ കാര്യങ്ങള്‍ നടത്താന്‍ അനുവദിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ മാസം, അമേരിക്കയുടെ തോക്ക് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഏജന്‍സിയുടെ ആക്ടിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പട്ടേലിനെ മാറ്റിയിരുന്നു. സര്‍ക്കാര്‍ വിമാനങ്ങള്‍ വ്യക്തിഗത യാത്രയ്ക്കായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ കാഷ് പട്ടേലിനെതിരെ ഔദ്യോഗിക അന്വേഷണം ആവശ്യപ്പെട്ടിരുന്നു.