പ്രത്യേക സുരക്ഷാ സംവിധാനമുള്ള ബിഎംഡബ്ല്യു എക്സ് 5 വാഹനങ്ങൾ വാങ്ങി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വീണ്ടും വിവാദത്തിലേക്ക് , അത്യാധുനിക ജെറ്റെന്ന ഡിമാൻഡ് നിരസിക്കപ്പെട്ടതും ചർച്ച

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെതിരെ നികുതിദായകരുടെ പണം ദുരുപയോഗം ചെയ്തു എന്ന പേരിൽ കടുത്ത വിമർശനം ഉയരുന്നു. ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ തന്റെ ഔദ്യോഗിക യാത്രകൾക്കായി നികുതിപ്പണം ഉപയോഗിച്ച് ആഡംബര കവചിത BMW X5 കാറുകൾ വാങ്ങിയതാണ് പുതിയ വിവാദത്തിന് കാരണമായത്.

എഫ്ബിഐ ഡയറക്ടർമാർ സാധാരണയായി സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് അമേരിക്കൻ നിർമ്മിത ഷെവർലേ സബർബൻ (Chevrolet Suburban) വാഹനങ്ങളാണ്. എന്നാൽ വിദേശ നിർമ്മിത ആഡംബര കാറായ ബിഎംഡബ്ല്യു വേണമെന്ന് കാഷ് പട്ടേൽ നിർബന്ധം പിടിച്ചതായാണ് റിപ്പോർട്ടുകൾ. സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് ഈ ആഡംബര കാറുകൾ ഉപയോഗിക്കുന്നത് തനിക്ക് കൂടുതൽ സുരക്ഷിതമായും അധികം ശ്രദ്ധിക്കപ്പെടാതെയും സഞ്ചരിക്കാൻ സഹായിക്കുമെന്നാണ് കാഷ് പട്ടേലിന്റെ വാദം.

ഈ പ്രത്യേക കവചിത ബിഎംഡബ്ല്യു വാഹനങ്ങൾ വാങ്ങുന്നതിനായി നികുതിദായകരുടെ പണത്തിൽ നിന്ന് 10 ലക്ഷം ഡോളറിലധികം ചെലവാക്കിയതായാണ് അനൌദ്യോഗിക റിപ്പോർട്ട്. എന്നാൽ, പുതിയ ബിഎംഡബ്ല്യു വാഹനങ്ങൾ വാങ്ങുന്നത് യഥാർത്ഥത്തിൽ പണം ലാഭിക്കാനാണെന്ന് എഫ്ബിഐ വക്താവ് അവകാശപ്പെട്ടു. പരമ്പരാഗത എസ്‌യുവികളേക്കാൾ ഒരു വാഹനത്തിന് ഏതാണ്ട് 2.5 ലക്ഷം ഡോളർ കുറവാണ് ഈ ബിഎംഡബ്ല്യു മോഡലുകൾക്കെന്നും ഇതിലൂടെ മൊത്തം ഒരു ദശലക്ഷം ഡോളറോളം ലാഭിക്കാൻ കഴിയുമെന്നും അദ്ദേഹം വാദിച്ചു.

നിലവിൽ, ഔദ്യോഗിക ജെറ്റ് വിമാനം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതിനും കാഷ് പട്ടേലിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
കാഷ് പട്ടേൽ 2025 ഫെബ്രുവരിയിലാണ് എഫ്ബിഐ ഡയറക്ടറായി ചുമതലയേറ്റത്.

കാഷ് പട്ടേൽ തനിക്ക് സഞ്ചരിക്കാനായി ഏകദേശം 90 ദശലക്ഷം ഡോളർ മുതൽ 115 ദശലക്ഷം ഡോളർ വരെ (ഏകദേശം ₹750 – ₹960 കോടി) വിലമതിക്കുന്ന പുതിയ സ്വകാര്യ ജെറ്റ് വിമാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ ഈ ആവശ്യം എഫ്ബിഐ നിരസിച്ചതായും ചില റിപ്പോർട്ടുകളുണ്ട്. നിലവിലെ എഫ്ബിഐ ജെറ്റ് പഴയതാണെന്നും കൂടുതൽ ആധുനികമായ ഒന്ന് വേണമെന്നുമായിരുന്നു കാഷ് പട്ടേലിൻ്റെ ആവശ്യം. അദ്ദേഹത്തിന്റെ കാമുകിയായ അലക്സിസ് വിൽക്കിൻസിനൊപ്പമുള്ള യാത്രകൾക്കും മറ്റുമായി കൂടുതൽ മികച്ച സൗകര്യമുള്ള വിമാനം അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന് വിമർശകരും ആരോപിച്ചു.

വിമാന ആവശ്യം നിരസിച്ചതിനെത്തുടർന്ന്, നിലവിലുള്ള വിമാനത്തിലെ കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, സഞ്ചാരത്തിനായി കവചിത ബിഎംഡബ്ല്യു (BMW) കാറുകളുടെ ഒരു നിര തന്നെ അദ്ദേഹം ആവശ്യപ്പെടുകയും അത് അനുവദിക്കപ്പെടുകയുമായിരുന്നു എന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാഷ് പട്ടേലിന്റെ ഈ ആഡംബര ആവശ്യങ്ങൾക്കെതിരെയും സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെതിരെയും ഡെമോക്രാറ്റിക് അംഗങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

FBI director Kash Patel under fire for using taxpayer-funded armoured BMW X5

More Stories from this section

family-dental
witywide