
ലോസ് ഏഞ്ചൽസ്: ക്രിസ്തുമസും പുതുവത്സരാഘോഷവുമടക്കമുള്ള അവധികളും ആഘോഷങ്ങളും പടിവാതിൽക്കൽ എത്തിനിൽക്കേ യുഎസിൽ ഭീകരർ ലക്ഷ്യമിട്ട ഒരു ആക്രമണ പദ്ധതി തകർത്തതായി എഫ്ബിഐ. ഓറഞ്ച് കൗണ്ടിയിലും കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലും പുതുവത്സരാഘോഷം മുതൽ ഒന്നിലധികം ഇടങ്ങളിൽ ബോംബാക്രമണ പരമ്പര നടത്താനാണ് ടർട്ടിൽ ഐലൻഡ് ലിബറേഷൻ ഫ്രണ്ട് (ടിഐഎൽഎഫ്) എന്ന സംഘടന ലക്ഷ്യമിട്ടത്. ഇതാണ് എഫ്ബിഐ അവസരോചിതമായി പ്രവർത്തിച്ചതിൻ്റെ ഫലമായി കണ്ടെത്തിയത്. നാലുപേർ പിടിയിലായിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ലോസ് ഏഞ്ചൽസിലെ സെൻട്രൽ ഡിസ്ട്രിക്റ്റിന്റെ അസിസ്റ്റന്റ് യുഎസ് അറ്റോർണി ബിൽ എസ്സേലിയും എഫ്ബിഐയുടെ ലോസ് ഏഞ്ചൽസ് ഫീൽഡ് ഓഫീസിന്റെ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടർ അകിൽ ഡേവിസും നടത്തിയ പത്രസമ്മേളനത്തിൽ, ഓഡ്രി ഇല്ലീൻ കരോൾ (30), സക്കറി ആരോൺ പേജ് (32), ഡാന്റേ ഗാഫീൽഡ് (24), ടിന ലായ് (41) എന്നീ നാല് പേരെ അറസ്റ്റ് ചെയ്തതായും ഗൂഢാലോചനയ്ക്കും വിനാശകരമായ ഉപകരണം കൈവശം വച്ചതിനും കുറ്റം ചുമത്തിയതായും പറഞ്ഞു. സംശയിക്കപ്പെടുന്നവർക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തുമെന്ന് എസ്സേലി പറഞ്ഞു.
ടർട്ടിൽ ഐലൻഡ് ലിബറേഷൻ ഫ്രണ്ട് ഒരു സർക്കാർ വിരുദ്ധ തീവ്രവാദ സംഘടനയാണെന്നും വലുതും ഭയാനകവുമായ ഭീകരാക്രമണ പദ്ധതിയാണ് ഇവർ ആസൂത്രണം ചെയ്തതെന്നും അറ്റോർണി ജനറൽ പാം ബോണ്ടി വ്യക്തമാക്കി. “ടർട്ടിൽ ഐലൻഡ് ലിബറേഷൻ ഫ്രണ്ട്” എന്നറിയപ്പെടുന്ന സംഘടനയുടെ ഗൂഢാലോചനയിൽ “ഐസിഇ ഏജന്റുമാരെയും വാഹനങ്ങളെയും ലക്ഷ്യം വയ്ക്കാൻ പദ്ധതിയിട്ടിരുന്നു” എന്നും ബോണ്ടി പറഞ്ഞു. “തീവ്ര ഇടതുപക്ഷ, പലസ്തീൻ അനുകൂല, സർക്കാർ വിരുദ്ധ, മുതലാളിത്ത വിരുദ്ധ ഗ്രൂപ്പ്” എന്നാണ് ഈ സംഘത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.
ചില യുഎസ് കമ്പനികളെ ലക്ഷ്യമിട്ട് ദക്ഷിണ കാലിഫോർണിയയിലെ ഒന്നിലധികം സ്ഥലങ്ങളിൽ പൊട്ടിത്തെറിക്കാൻ ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കൾ അടങ്ങിയ ബാക്ക്പാക്കുകൾ പിടിയിലായവർ സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു. പുതുവത്സരാഘോഷത്തിൽ അർദ്ധരാത്രിയിൽ സ്ഫോടനം നടത്താനായിരുന്നു പദ്ധതി. മരുഭൂമിയിൽവെച്ച് ഉപകരണങ്ങൾ കൂട്ടിച്ചേർക്കുന്നതിനിടെയാണ് പ്രതികളെ വെള്ളിയാഴ്ച എഫ്ബിഐ അറസ്റ്റ് ചെയ്തത്.
FBI disrupted alleged terrorist bombing plot in Los Angeles















