
ന്യൂയോർക്ക്: പ്രമുഖ കൺസർവേറ്റീവ് രാഷ്ട്രീയ പ്രവർത്തകനായ ചാർലി കിർക്കിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഒരാളെ തിരിച്ചറിയുന്നതിന് പൊതുജനങ്ങളുടെ സഹായം തേടി എഫ്ബിഐ. എഫ്ബിഐയുടെ സാൾട്ട് ലേക്ക് സിറ്റി ഫീൽഡ് ഓഫീസ് സംശയാസ്പദമായ ഒരാളുടെ ചിത്രങ്ങൾ എക്സിലൂടെ ഇന്ന് പുറത്തുവിട്ടു.
വിവരം നൽകുന്നവർക്ക് 1-800-CALL-FBI എന്ന നമ്പറിൽ വിളിക്കുകയോ എഫ്ബിഐയുടെ ഓൺലൈൻ ടിപ്സ് പേജ് സന്ദർശിക്കുകയോ ചെയ്യാമെന്നും ഓഫീസ് അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ഏറ്റവും അടുത്ത അനുയായിയും മാധ്യമ പ്രവര്‍ത്തകനുമായ ചാര്‍ലി കിര്‍ക്ക് (31) ആണ് വെടിയേറ്റ് മരിച്ചത്. ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയായ ചാർലി ബുധനാഴ്ച യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ പ്രസംഗിക്കവെയായിരുന്നു കൊല്ലപ്പെട്ടത്. ഡോണള്‍ഡ് ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്.
ചാർലി കിർക്കിൻ്റെ മരണത്തിൽ തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ട്രംപ് പ്രതികരിച്ചു. അമേരിക്കൻ ഐക്യനാടുകളിലെ യുവാക്കളുടെ ഹൃദയം ചാർലിയെക്കാൾ നന്നായി മറ്റാർക്കും മനസ്സിലായില്ലെന്ന് ട്രംപ് അനുസ്മരണ കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഞായറാഴ്ച വരെ അമേരിക്കൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ ഉത്തരവിട്ടു.














