
അബുജ: നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ സോകോട്ടോ സംസ്ഥാനത്തെ ജാബോ ഗ്രാമത്തിൽ അമേരിക്കൻ സൈന്യം നടത്തിയ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ പതിച്ചതോടെ നിവാസികൾ കടുത്ത ഭയത്തിലും ആശയക്കുഴപ്പത്തിലുമായി. ഭീകരർക്കെതിരായ ‘ക്രിസ്മസ് സമ്മാനം’ എന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ച ഈ നടപടി, സമാധാനപരമായി ജീവിക്കുന്ന തങ്ങളുടെ പ്രദേശത്ത് എന്തുകൊണ്ട് നടന്നു എന്ന് മനസിലാക്കാതെ ഗ്രാമവാസികൾ ആശങ്കാകുലരാണ്.
സോകോട്ടോയിലെ താംബുവൽ ജില്ലയിലുള്ള ജാബോയിലെ ഏക മെഡിക്കൽ കേന്ദ്രത്തിന് സമീപത്താണ് മിസൈൽ അവശിഷ്ടങ്ങൾ വീണത്.
വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ഉണ്ടായ വൻ ശബ്ദത്തോടെയുള്ള സ്ഫോടനം ഗ്രാമത്തെ ഞെട്ടിച്ചു.ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർക്കെതിരെ നടത്തിയ ‘ശക്തവും മാരകവുമായ’ ആക്രമണമാണിതെന്ന് ട്രംപ് അവകാശപ്പെട്ടു. പ്രധാനമായും നിരപരാധികളായ ക്രിസ്ത്യാനികളെ ക്രൂരമായി കൊലപ്പെടുത്തുന്ന ഭീകരർക്കുള്ള പ്രത്യുത്തരമാണിതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ജാബോ ഒരു ശാന്തമായ കർഷക ഗ്രാമമാണെന്നും അവിടെ ഐഎസ് പോലുള്ള ഭീകര സംഘടനകളുടെ സാന്നിധ്യമൊന്നും ഇല്ലെന്നും നിവാസികൾ വ്യക്തമാക്കുന്നു.
“ക്രിസ്ത്യാനികളെ ഞങ്ങൾ സഹോദരന്മാരായാണ് കാണുന്നത്; ഇവിടെ മതസംഘർഷങ്ങളില്ല,” ഗ്രാമവാസി സുലൈമാൻ കഗാര പറഞ്ഞു.
നൈജീരിയയുടെ ചില പ്രദേശങ്ങളിൽ ‘ലകുരാവ’ പോലുള്ള ഭീകരഗ്രൂപ്പുകളുടെ ഭീഷണി ഉണ്ടെങ്കിലും, ജാബോയിൽ അത്തരം പ്രവർത്തനങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രാദേശിക നിയമസഭാംഗം ബഷാർ ഇസ ജാബോ അറിയിച്ചു.
ലക്ഷ്യം തെറ്റിയതാണോ അതോ ഇന്റലിജൻസ് വിവരങ്ങളിലെ തെറ്റാണോ എന്നത് ഇപ്പോഴും വ്യക്തമല്ല. നൈജീരിയൻ പോലീസിന്റെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി അവശിഷ്ടങ്ങൾ പരിശോധിക്കുന്നുണ്ട്. ആക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടതായി യുഎസ് ആഫ്രിക്ക കമാൻഡ് അവകാശപ്പെടുമ്പോൾ, അത് നിഷേധിച്ചുകൊണ്ട് ഗ്രാമവാസികൾ മറുപടി പറയുന്നു.















