
കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയയിലെ വെഞ്ചുറ കൗണ്ടിയിലെ ഒരു കാര്‍ഷിക മേഖലയില്‍ ഫെഡറല്‍ ഏജന്റുമാര്‍ കുടിയേറ്റക്കാര്‍ക്കായി നടത്തിയ ഒരു ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ഓപ്പറേഷന്‍ ഏറ്റുമുട്ടലിലേക്ക് നയിച്ചു.
കാമറില്ലോയ്ക്ക് സമീപമുള്ള ലഗുണ റോഡിലെ ഒരു ഫാമില്‍ കുടിയേറ്റക്കാര്‍ക്കായി പരിശോധന നടത്തുന്നതിനിടെ ഫെഡറല്‍ ഏജന്റുമാരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ അധികാരികള്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു.
കാലിഫോര്‍ണിയയിലെ കാമറില്ലോയിലെ വയലുകളും ഹരിതഗൃഹങ്ങളും നിറഞ്ഞ ഒരു കാര്‍ഷിക മേഖലയില്‍ ബോര്‍ഡര്‍ പട്രോളില്‍ നിന്നും യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരാണ് എത്തിയത്.
വയലുകള്‍ക്കിടയിലുള്ള ഒരു റോഡില്‍ ഡസന്‍ കണക്കിന് പ്രകടനക്കാര്‍ ഒത്തുകൂടി ഉദ്യോഗസ്ഥരെ തടഞ്ഞു. ഹെല്‍മെറ്റുകളും ഗ്യാസ് മാസ്‌കുകളും ധരിച്ച് എന്തിനും തയ്യാറായി നില്‍ക്കുന്ന ഏജന്റുമാര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ ആക്രോശിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. പിന്നാലെ ഏജന്റുമാര്‍ക്ക് നേരെ കല്ലേറുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല, പ്രതിഷേധക്കാരിലൊരാള്‍ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ത്തുവെന്നും എന്നാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കുനേരെ കല്ലേറുമുണ്ടായി.
‘ആളുകള്‍ എന്ന നിലയില്‍ നമ്മള്‍ ചെയ്യേണ്ടത് ഇതാണ് – അവര്‍ക്കെതിരെ, സ്വേച്ഛാധിപത്യത്തിനെതിരെ, ഒന്നിച്ചുവരിക. അവര്‍ ദുഷ്ടരാണ്.’- പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞതിങ്ങനെ.













