
ഡെൻവർ: കൊളറാഡോയിലെ കുടിയേറ്റ ഓഫീസർമാർക്ക് വാറന്‍റില്ലാതെ ആളുകളെ അറസ്റ്റ് ചെയ്യുന്നതിൽ നിയന്ത്രണം ഏര്‍പ്പെടുത്തി ഫെഡറൽ കോടതി. ഇനി മുതൽ അവർ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കുമ്പോൾ മാത്രമായിരിക്കും വാറന്‍റില്ലാതെ അറസ്റ്റ് ചെയ്യാൻ കഴിയുകയുള്ളവെന്ന് ഒരു ഫെഡറൽ ജഡ്ജി ചൊവ്വാഴ്ച വിധിച്ചു. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ഓഫ് കൊളറാഡോയും മറ്റ് അഭിഭാഷകരും നൽകിയ കേസിനെ തുടർന്നാണ് യുഎസ് ഡിസ്ട്രിക്റ്റ് സീനിയർ ജഡ്ജി ആർ. ബ്രൂക്ക് ജാക്സൺ ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയതിന്‍റെ ഭാഗമായി ഈ വർഷം യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ICE) വാറന്‍റില്ലാതെ അറസ്റ്റ് ചെയ്ത അഭയാർത്ഥികൾ ഉൾപ്പെടെ നാല് പേരെയാണ് അഭിഭാഷകർ കോടതിയിൽ പ്രതിനിധീകരിച്ചത്. നിയമപരമായി തടവിലാക്കാൻ എന്താണ് ആവശ്യമെന്ന് വിലയിരുത്താതെ, കുടിയേറ്റ ഉദ്യോഗസ്ഥർ അവരുടെ എൻഫോഴ്സ്മെൻ്റ് ലക്ഷ്യങ്ങൾ കൈവരിക്കാനായി ലാറ്റിനോകളെ തോന്നിയപോലെ അറസ്റ്റ് ചെയ്യുന്നു എന്നാണ് കേസിൽ ആരോപിച്ചിരുന്നത്. കേസ് നൽകിയ നാല് പേർക്കും അവരുടെ സമൂഹവുമായി ദീർഘകാല ബന്ധമുണ്ടെന്ന് ജാക്സൺ ചൂണ്ടിക്കാട്ടി. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് വാറന്‍റ് ലഭിക്കുന്നതിന് മുമ്പ് ഇവർ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് ഒരു വിവേകമുള്ള ഉദ്യോഗസ്ഥനും നിഗമനം ചെയ്യുമായിരുന്നില്ലെന്നും ജഡ്ജി പറഞ്ഞു.














