
ന്യൂയോർക്ക്: ഹൈതി കുടിയേറ്റക്കാർക്കുള്ള താൽക്കാലിക സംരക്ഷിത പദവി (TPS) കാലാവധി തീരുംമുമ്പ് അവസാനിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമം ബ്രൂക്ലിനിലെ ഒരു ഫെഡറൽ ജഡ്ജി തടഞ്ഞു. അരലക്ഷത്തിലധികം ആളുകളുടെ നാടുകടത്തൽ സംരക്ഷണം, വർക്ക് പെർമിറ്റുകൾ എന്നിവ എടുത്തുമാറ്റുന്നതിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) നിയമം ലംഘിച്ചുവെന്ന് കോടതി വിധിച്ചു.
മുൻ പ്രസിഡന്റ് ജോ ബൈഡൻ ഹൈതിയുടെ ടി പി എസ് കാലാവധി 18 മാസത്തേക്ക് (2026 ഫെബ്രുവരി മൂന്ന് വരെ) നീട്ടിയതിന് പിന്നാലെ, ഈ വർഷം ആദ്യം സെക്രട്ടറി ക്രിസ്റ്റി നോമിന്റെ കീഴിലുള്ള ഡി എച്ച് എസ് ആ കാലാവധി റദ്ദാക്കിയിരുന്നു. പിന്നീട്, ട്രംപ് ഭരണകൂടം ഈ കാലാവധി വെട്ടിച്ചുരുക്കി. ആദ്യം ഓഗസ്റ്റ് 3 പുതിയ അവസാന തീയതിയായി നിശ്ചയിക്കുകയും, പിന്നീട് കഴിഞ്ഞ ആഴ്ച സെപ്റ്റംബർ 2-ലേക്ക് മാറ്റുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച പുറപ്പെടുവിച്ച വിധിയിൽ, യുഎസ് ജില്ലാ ജഡ്ജി ബ്രയാൻ കോഹൻ, ടി പി എസ് അവസാനിപ്പിക്കുന്നതിന് മുമ്പ് ഹൈതിയിലെ നിലവിലെ സാഹചര്യങ്ങൾ അവലോകനം ചെയ്യണമെന്ന് കോൺഗ്രസ് നിർബന്ധമാക്കിയ സമയക്രമങ്ങളും നടപടിക്രമങ്ങളും നോം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കി.