
ചിക്കാഗോ: ചിക്കാഗോയിലെ പ്രതിഷേധക്കാർക്കും പത്രപ്രവർത്തകർക്കുമെതിരായ അക്രമസംഭവങ്ങൾ ഒഴിവാക്കാനുള്ള തൻ്റെ ഉത്തരവ് ഫെഡറൽ നിയമ നിർവ്വഹണ ഏജൻ്റുമാർ പാലിക്കുന്നുണ്ടോ എന്നതിൽ ഗുരുതരമായ ആശങ്കകൾ ഉണ്ടെന്ന് ഇല്ലിനോയിസിലെ യു.എസ്. ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി സാറ എല്ലിസ്. വ്യാഴാഴ്ച അടിയന്തരമായി വിളിച്ചുചേർത്ത ഹിയറിംഗിലാണ് ജഡ്ജി തൻ്റെ അതൃപ്തി അറിയിച്ചത്. “കഴിഞ്ഞ ആഴ്ച താൽക്കാലികമായി നിയന്ത്രിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ച വ്യാഴാഴ്ച മുതൽ, വാർത്തകളിൽ ചിത്രങ്ങൾ കാണുകയും റിപ്പോർട്ടുകൾ വായിക്കുകയും ചെയ്യുന്നു. അതിൽ നിന്ന് ഉത്തരവ് പാലിക്കുന്നതിൽ തനിക്ക് ഗുരുതരമായ ആശങ്കകളുണ്ട്,” ജഡ്ജി എല്ലിസ് പറഞ്ഞു. എനിക്ക് സന്തോഷമില്ല, എന്ന് നിരാശ പ്രകടമാക്കിക്കൊണ്ട് എല്ലിസ് കൂട്ടിച്ചേർത്തു.
ഇതിനോട് പ്രതികരിച്ചുകൊണ്ട്, ഇമിഗ്രേഷൻ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലുകളിൽ ബോഡി ക്യാമറകളുള്ള എല്ലാ ഫെഡറൽ ഏജൻ്റുമാരും അത് ഓൺ ചെയ്യണമെന്ന് ജഡ്ജി വ്യാഴാഴ്ച ഉത്തരവിട്ടു. ബോഡി ക്യാമറ ൾ നല്ല കാര്യമാണ്. എന്തെന്നാൽ, യഥാർത്ഥ സംഭവം നടക്കുന്നതിന് മുൻപുള്ള കാര്യങ്ങളും അവ പകർത്തിയെടുക്കുമെന്ന് അവർ പറഞ്ഞു.
എല്ലാ ഏജൻ്റുമാരും ക്യാമറ ധരിക്കണമെന്ന് ജഡ്ജി ആദ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എല്ലാ ഏജൻ്റുമാർക്കും ഉടനടി ബോഡി ക്യാമറകൾ നൽകുന്നത് പ്രായോഗികമായി അസാധ്യമാണ് എന്ന് ട്രംപ് ഭരണകൂടത്തെ പ്രതിനിധീകരിച്ച് ഹാജരായ അറ്റോർണി ഷോൺ സ്കെഡ്സിലാവ്സ്കി അറിയിച്ചതിനെ തുടർന്ന്, ചില ഇളവുകൾ നൽകാൻ ജഡ്ജി സമ്മതിച്ചിരുന്നു.