
പോർട്ട്‌ലാൻഡ്/വാഷിംഗ്ടൺ: പോർട്ട്‌ലാൻഡിലേക്ക് നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കുന്നത് തടഞ്ഞുകൊണ്ടുള്ള താൽക്കാലിക ഉത്തരവ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി കാരിൻ ഇമ്മർഗട്ട് നീട്ടി. ഇതോടെ ഫെഡറൽ സൈന്യത്തെ വിന്യസിക്കാനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങൾ വീണ്ടും നിയമക്കുരുക്കിലായി. ട്രംപ് നിയമിച്ച ജഡ്ജിയായ ഇമ്മർഗട്ട്, ഫെഡറൽ സൈനികരെ പോർട്ട്‌ലാൻഡിലേക്ക് വിന്യസിക്കുന്നതിന് 14 ദിവസത്തേക്ക് കൂടി തടസം ഏർപ്പെടുത്തി. ഈ വാരാന്ത്യത്തിൽ ഈ ഉത്തരവുകൾ കാലഹരണപ്പെടാനിരിക്കുകയായിരുന്നു.
താൽക്കാലിക ഉത്തരവുകൾ നീട്ടിയതിലൂടെ, ട്രംപ് ഭരണകൂടത്തിന് സൈനികരെ വിന്യസിക്കാൻ കഴിയാതെ വന്ന ഈ കേസ് പൂർണ്ണമായി പരിഗണിക്കാൻ കോടതിക്കും അപ്പീൽ ജഡ്ജിമാർക്കും സമയം ലഭിച്ചു. കേസിന്റെ വിചാരണ ഒക്ടോബർ 29-ന് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്രമവും കുറ്റകൃത്യങ്ങളും ബാധിച്ചെന്ന് ട്രംപ് ഭരണകൂടം ആരോപിക്കുന്ന ഡെമോക്രാറ്റിക് ഭരണത്തിന് കീഴിലുള്ള നഗരങ്ങളിൽ അടിച്ചമർത്തൽ നടത്തുന്നതിന്‍റെ ഭാഗമായി, നേരത്തെയുള്ള വിന്യാസം തടഞ്ഞ ജഡ്ജിയുടെ ഉത്തരവിനെ ഫെഡറൽ ഗവൺമെന്‍റ് ഉയർന്ന കോടതിയിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇപ്പോഴത്തെ ഉത്തരവ്.
അടുത്തതായി എന്ത് സംഭവിച്ചാലും, ഒറിഗോൺ നിയമങ്ങളെയും ഭരണഘടനയെയും ഉയർത്തിപ്പിടിക്കാൻ ഒറിഗോൺ (നീതി വകുപ്പ്) പോരാട്ടം തുടരുമെന്ന് ഒറിഗോൺ അറ്റോർണി ജനറൽ ഡാൻ റേഫീൽഡ് ബുധനാഴ്ച സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ, അമേരിക്കൻ നഗരങ്ങളെ സുരക്ഷിതമായി നിലനിർത്താനുള്ള പ്രസിഡന്റ് ട്രംപിന്റെ ദൗത്യം പരമപ്രധാനമാണ്, കോടതിയിൽ ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം നീതിന്യായ വകുപ്പ് അത് ശക്തമായി പ്രതിരോധിക്കുന്നത് തുടരുമെന്ന് ഇമ്മർഗട്ടിന്റെ ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് നീതിന്യായ വകുപ്പ് വക്താവ് വ്യക്തമാക്കി.