
മെക്സിക്കോ സിറ്റി: മെക്സിക്കൻ സെനറ്റിൽ വാക് തർക്കത്തിനിടെ കയ്യാങ്കളി. സംസാരിക്കാൻ അവസരം ലഭിക്കാത്തതിൽ പ്രകോപിതനായ പ്രതിപക്ഷ നേതാവും സെനറ്റ് പ്രസിഡന്റും തമ്മിലാണ് ഏറ്റുമുട്ടിയത്. യുഎസ് സൈനിക ഇടപെടലുമായി ബന്ധപ്പെട്ട് നടന്ന ചൂടേറിയ ചർച്ചയുടെ അവസാനത്തിലാണ് സംഭവം. ദേശീയ ഗാനം പാടുന്നതിനിടെ, പ്രതിപക്ഷ പാർട്ടിയായ പി.ആർ.ഐയുടെ പ്രസിഡന്റായ അലെജാൻഡ്രോ മൊറേനോ പോഡിയത്തിലേക്ക് കടന്നുചെന്ന് ഭരണകക്ഷിയായ മൊറേന പാർട്ടിയിലെ സെനറ്റ് പ്രസിഡന്റ് ഗെരാർഡോ ഫെർണാണ്ടസ് നോറോണയുടെ കയ്യിൽ പിടിക്കുകയും തുടർന്ന് ഇരുവരും തമ്മിൽ ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു.
സംഭവം തത്സമയം സംപ്രേക്ഷണം ചെയ്തതിൽ ഒരാൾ നോറോണയെ അടിക്കാൻ ശ്രമിക്കുന്നതും മൊറേനോ പച്ച ഷർട്ട് ധരിച്ച മറ്റൊരാളെ തള്ളി താഴെയിടുന്നതും കാണാം. പിന്നീട് പത്രസമ്മേളനത്തിൽ സംസാരിക്കവെ, പച്ച ഷർട്ട് ധരിച്ചയാൾ തന്റെ ടീമംഗമാണെന്ന് നോറോണ വ്യക്തമാക്കി. പരിക്കുകളോടെയാണ് ഈ വ്യക്തി പത്രസമ്മേളനത്തിൽ നോറോണയോടൊപ്പം പങ്കെടുത്തത്.
സെഷന്റെ അജണ്ടയിൽ മാറ്റം വരുത്തി പ്രതിപക്ഷത്തെ സംസാരിക്കുന്നതിൽ നിന്ന് ഭരണകക്ഷി തടഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് മൊറേനോ സോഷ്യൽ മീഡിയയിൽ കുറിച്ചു. “ആ ഭീരുത്വമാണ് അതിന് കാരണമായത്. ആദ്യത്തെ ശാരീരിക ആക്രമണം നോറോണയുടെ ഭാഗത്ത് നിന്നാണ് ഉണ്ടായത്,” അദ്ദേഹം ആരോപിച്ചു. തന്നെ തള്ളിയതിലൂടെ സെനറ്റ് പ്രസിഡന്റാണ് സംഘർഷത്തിന് തുടക്കമിട്ടതെന്നും മൊറേനോ അവകാശപ്പെട്ടു.