
വാഷിംഗ്ടൺ: ട്രംപിൻ്റെ പുതിയ നയം നടപ്പിലാക്കുന്നതിൻ്റെ കണക്കുകൾ പുറത്ത്. ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ എന്ന പരസ്യവാചകവുമായി രണ്ടാം തവണയും അധികാരത്തിലേറിയ ഡോണൾഡ് ട്രംപ് കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ നാടുകടത്തിയ ഇന്ത്യക്കാരുടെ കണക്ക് പുറത്തുവിട്ടു. യു എസ് പൗരത്വമില്ലാത്ത 1703 ഇന്ത്യാക്കാരെയാണ് ട്രംപ് ഭരണകൂടം 7 മാസത്തിനകം നാടുകടത്തിയത്. ഒരു ദിവസം ശരാശരി എട്ട് ഇന്ത്യാക്കാരെ വീതം നാടുകടത്തുന്നുവെന്നാണ് കണക്കുകൾ.
ഇക്കഴിഞ്ഞ ജൂലൈ 22 വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 1703 ഇന്ത്യക്കാരിൽ 1562 പുരുഷന്മാരും 141 സ്ത്രീകളുമുണ്ട്. കേരളത്തിൽ നിന്നുള്ള 8 പേരും അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ടെന്നാണ് കണക്ക്. പഞ്ചാബിൽ നിന്നുള്ളവരാണ് ഇന്ത്യയിൽ മടങ്ങിയെത്തിയതിൽ മുന്നിലുള്ളത്.
ട്രംപിന്‍റെ സുപ്രധാന തീരുമാനമായിരുന്നു അമേരിക്കയിലെ കുടിയേറ്റക്കാരെ നാടുകടത്തും എന്നത്. വിവിധ കോണുകളിൽ നിന്ന് പ്രതിഷേധവും വിമർശനവും ഉയർന്നെങ്കിലും ട്രംപ് ഭരണകൂടം തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. നാടുകടത്തൽ നയത്തിൽ ഇന്ത്യക്കും വലിയ തിരിച്ചടിയാണ് നേരിട്ടത്.