
ഫിലഡൽഫിയ: യുഎസ് ആസ്‌ഥാനമായുള്ള എയർലൈൻ ഓപ്പറേറ്ററായ അമേരിക്കൻ എയർലൈൻസിന്റെ അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 357 ലെ തീ യാത്രക്കാരിൽ ഭീതി പടർത്തി. ഫിലഡൽഫിയയിൽ നിന്ന് ഫീനിക്സിലേക്കുള്ള വിമാനത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒരു യാത്രക്കാരന്റെ ഇലക്ട്രോണിക് ഉപകരണത്തിനാണ് തീപിടിച്ചത്. 160 യാത്രക്കാരും ആറ് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ 168 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് വാഷിങ്ടനിലെ ഡള്ളസ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ലാൻഡ് ചെയ്‌തതിന് ശേഷം സുരക്ഷാ ജീവനക്കാർ വിമാനത്തിലെത്തി യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
അതേസമയം തീപിടിത്തത്തിന് കാരണമായ ഉപകരണം ഏതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. എത്രയും വേഗം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ശ്രമിക്കുമെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു. മെട്രോപൊളിറ്റൻ വാഷിങ്ടൻ എയർപോർട്ട് അതോറിറ്റി, വിമാനത്തിന്റെ അടിയന്തര ലാൻഡിങ് ഡള്ളസ് വിമാനത്താവളത്തിലെ മറ്റ് പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും അറിയിച്ചു. ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ (എഫ്എഎ) സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.