ഡൽഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടിൽ തീപിടുത്തം, തീ അണക്കാൻ എത്തിയ ഫയർഫോഴ്സ് സംഘം കണ്ടത് കെട്ടുകണക്കിന് പണം, ചീഫ് ജസ്റ്റിസ് അടിയന്തിരമായി കൊളീജിയം വിളിച്ചുചേർത്തു

ന്യൂഡൽഹി : ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ ഉണ്ടായ തീപ്പിടിത്തം അണയ്ക്കാൻ എത്തിയ ഫയര്‍ഫോഴ്‌സ്‌ അംഗങ്ങൾ കണ്ടത് കണക്കിൽ പെടാത്ത കെട്ടുകണക്കിന് പണം. കേന്ദ്ര സർക്കാർ ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയതോടെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അടിയന്തിരമായി സുപ്രീം കോടതി കൊളീജിയം വിളിച്ചുചേർത്തു. ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരിച്ചയയ്ക്കാൻ കൊളീജിയം തീരുമാനിച്ചതായാണ് സൂചന.

അതേസമയം, ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ ജസ്റ്റിസ് യശ്വന്ത് വർമ്മയോട് രാജിവയ്ക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിക്കണമെന്ന് കൊളീജിയത്തിലെ ചില അംഗങ്ങൾ ആവശ്യപ്പെട്ടു.

ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിയിലുണ്ടായ തീപ്പിടിത്തത്തെ തുടർന്നാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. തീപ്പിടിത്തം ഉണ്ടായപ്പോൾ ജസ്റ്റിസ് വർമ്മ ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോർസ് എത്തി തീ അണച്ചു. തുടർന്ന് നടപടിക്രമങ്ങളുടെ ഭാഗമായി ഫയര്‍ ഫോഴ്‌സ്‌ അംഗങ്ങളും പോലീസും തീപ്പിടിത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു.

ഇതിനിടയിലാണ് ഒരു മുറിയിൽനിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. പരിശോധനയിൽ ഇത് കണക്കിൽപ്പെടാത്ത പണമാണെന്ന് കണ്ടെത്തി. സ്ഥലത്ത് ഉണ്ടായിരുന്ന പോലീസുകാർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് വിഷയം അതിവേഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതരുടെ ശ്രദ്ധയിലെത്തി.

പണം കണ്ടെത്തിയ വിവരം കേന്ദ്ര സർക്കാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു. ജുഡീഷ്യറിയെ തന്നെ ഞെട്ടിപ്പിക്കുന്ന ഈ വിഷയത്തിന്റെ ഗൗരവസ്ഥിതി ബോധ്യമായ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉടൻ തന്നെ സുപ്രീം കോടതി കൊളീജിയം യോഗം വിളിച്ചുചേർത്തു. കൊളീജിയത്തിലെ മുഴുവൻ അംഗങ്ങളും വർമ്മയ്‌ക്കെതിരെ നടപടി വേണമെന്ന നിലപാടാണ്‌ സ്വീകരിച്ചത്. തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാൻ കൊളീജിയം തീരുമാനിച്ചതായാണ് സൂചന.

2014-ൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് വർമ്മ 2021-ലാണ് ഡൽഹി ഹൈക്കോടതിയിൽ എത്തുന്നത്. അലഹബാദ് ഹൈക്കോടതി മുൻ ജഡ്ജി എ എൻ. വർമ്മയുടെ മകനാണ് ജസ്റ്റിസ് യശ്വന്ത് വർമ്മ.

ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്ക് എതിരെ കടുത്ത നടപടി വേണമെന്ന് സുപ്രീം കോടതി കൊളീജിയം യോഗത്തിൽ ചില അംഗങ്ങൾ ആവശ്യപ്പെട്ടു. നടപടി സ്ഥലംമാറ്റത്തിൽ മാത്രം ഒതുക്കിയാല്‍ അത് ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. യശ്വന്ത് വർമ്മയിൽനിന്ന് ചീഫ് ജസ്റ്റിസ് രാജി എഴുതി വാങ്ങണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു.

ഏതെങ്കിലും ഒരു ജഡ്ജിയെ സംബന്ധിച്ച അഴിമതി ആരോപണം ഉണ്ടായാല്‍ അത് സംബന്ധിച്ച് ആരോപണവിധേയനായ ജഡ്ജിയുടെ വിശദീകരണം തേടുക എന്നതാണ് ആദ്യ നടപടിക്രമം. തുടർന്ന് സുപ്രീം കോടതിയിലെ ഒരു ജഡ്ജിയും രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും അടങ്ങുന്ന ഒരു ആഭ്യന്തര അന്വേഷണ സമിതിക്ക് രൂപം നൽകാം. ആഭ്യന്തര അന്വേഷണ സമിതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാൽ ജഡ്ജിയെ പുറത്താക്കാൻ ഉള്ള നടപടികളിലേക്ക് പാർലമെന്റിന് കടക്കാം.

Fire force team found bundles of cash from Delhi High Court judge’s house

More Stories from this section

family-dental
witywide