
ലിമ: ചെറുബോട്ടിൽ മത്സ്യബന്ധനത്തിന് പോയി പസഫിക് സമുദ്രത്തിൽ കുടുങ്ങിയ വയോധികനെ രക്ഷിച്ചു. 95 ദിവസമാണ് 61കാരൻ കടലിൽ കുടുങ്ങിപ്പോയത്. ഭക്ഷണവും വെള്ളവുമില്ലാതെ അവശനിലയിലായ വയോധികനെ കണ്ടെത്തിയത് 1094 കിലോമീറ്റർ അകലെ നിന്നാണ്. പെറുവിലാണ് സംഭവം. പെറുവിലെ ചെറുപട്ടണമായ മാർകോനയിൽ നിന്ന് ഡിസംബർ ഏഴിനാണ് മാക്സിമോ നാപ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.
എന്നാൽ, ചെറുബോട്ട് പസഫിക് സമുദ്രത്തിൽ മോശം കാലാവസ്ഥ കാരണം ഒറ്റപ്പെടുകയായിരുന്നു. കുടുംബവും പെറുവിലെ അധികൃതരും ചേർന്ന് ഇയാൾക്കായി നടത്തിയ തെരച്ചിലിൽ ബുധനാഴ്ചയാണ് ഇയാളെ കണ്ടെത്തിയത്. ഇക്വഡോറിൽ നിന്നുള്ള ഫിഷിംഗ് പട്രോൾ സംഘമാണ് മാർകോനയിൽ നിന്ന് 1094 കിലോമീറ്റർ അകലെ നടുക്കടലിൽ കണ്ടെത്തിയത്. നിർജ്ജലീകരണം രൂക്ഷമായി അവശനിലയിലാണ് മാക്സിമോ ഉണ്ടായിരുന്നത്. മരിക്കരുതെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനാൽ കയ്യിൽ കിട്ടിയതെല്ലാം കഴിച്ചുവെന്നാണ് ഇയാൾ പട്രോളിംഗ് സംഘത്തോട് പറഞ്ഞത്.
കടൽപ്പാറ്റകൾ, പക്ഷികൾ, കടലാമകൾ എന്നിവയെല്ലാം കഴിച്ചാണ് മാക്സിമോ 95 ദിവസം കടലിൽ കഴിഞ്ഞത്. ഇടയ്ക്ക് മഴ ലഭിച്ച സമയത്ത് മഴ വെള്ളം ശേഖരിച്ചിരുന്നെങ്കിലും ഇത് പോരാതെ വരികയായിരുന്നുവെന്നും ഇയാൾ പ്രതികരിച്ചതായാണ് റിപ്പോർട്ട് ചെയ്യുന്നത്.